മലപ്പുറം: ലൈവ് സ്ട്രീമിനിടെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ യൂട്യൂബർ തൊപ്പിയുടെ മുൻ സഹപ്രവർത്തകനായ മുഹമ്മദ് എന്ന മമ്മുവിനെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ജൂൺ 10-ന് നടന്ന ദൈർഘ്യമേറിയ യൂട്യൂബ് ലൈവ് സംപ്രേഷണത്തിനിടെയാണ് പരാതിക്ക് ആധാരമായ സംഭവമുണ്ടായതെന്നാണ് പോലീസ് പറയുന്നത്. യുവതിയെ അധിക്ഷേപിക്കുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയെന്നാണ് ആരോപണം. ഇതിനെ തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ മമ്മുവിന് പുറമെ യൂട്യൂബർ തൊപ്പി, ഷമീർ എന്നിവരുള്‍പ്പെടെ നാല് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി മമ്മുവിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. സമാനമായ മറ്റൊരു പരാതിയിൽ ആലുവ പോലീസും കേസെടുത്തിട്ടുണ്ടെന്നും, തൊപ്പിക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു
