ഡൽഹി: കേരളത്തിൽ പുതിയ മുഖ്യമന്ത്രി തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചർച്ചകൾക്കിടെ പരിഹാസ പരാമർശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി . വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടും സർക്കാർ രൂപീകരണം വൈകുന്നതെന്താണെന്ന് അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രി പദം രണ്ടര വർഷം വീതം പങ്കിടുകയോ, അഞ്ചു വർഷത്തേക്ക് അഞ്ചു മുഖ്യമന്ത്രിമാരെ തന്നെ തിരഞ്ഞെടുക്കുകയോ ചെയ്യാമെന്നായിരുന്നു മോദിയുടെ പരിഹാസം.
മുഖ്യമന്ത്രി സ്ഥാനമോഹവുമായി നിരവധി നേതാക്കൾ സജീവമായി രംഗത്തുണ്ടെന്നും, രാജസ്ഥാൻ, ഛത്തീസ്ഗഡ്, കർണാടക സംസ്ഥാനങ്ങളിൽ കണ്ടതുപോലെയുള്ള രാഷ്ട്രീയ സാഹചര്യമാണിപ്പോൾ കേരളത്തിലും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ ഇപ്പോഴും മുഖ്യമന്ത്രി ചർച്ചകൾ തുടരുകയാണെന്നും മോദി കൂട്ടിച്ചേർത്തു.
മോദിയുടെ പരാമർശങ്ങൾക്ക് പിന്നാലെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മറുപടിയുമായി രംഗത്തെത്തി. പ്രധാനമന്ത്രിക്ക് പഴയ സംഭവങ്ങൾ മറക്കരുതെന്ന് പറഞ്ഞ ചെന്നിത്തല, ഡൽഹിയിൽ മുഖ്യമന്ത്രി തീരുമാനിക്കാൻ 50 ദിവസം എടുത്ത സംഭവവും ഓർമ്മിപ്പിച്ചു.
കോൺഗ്രസ് ഒരു കേന്ദ്ര നിർദ്ദേശപ്രകാരമല്ല പ്രവർത്തിക്കുന്നതെന്നും, ബിജെപിയിലെപ്പോലെ ഒരോ രണ്ടുപേരുടെ തീരുമാനത്തിൽ പാർട്ടി മുന്നോട്ടുപോകുന്ന രീതിയല്ല കോൺഗ്രസിനുള്ളതെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ആരാകുമെന്ന് ഹൈക്കമാൻഡ് ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.