മഞ്ചേരിയില്‍ കെട്ടിടത്തിന് മുകളില്‍ അസ്ഥികൂടം; രണ്ട് മാസത്തിലധികം പഴക്കം
മലപ്പുറം: മഞ്ചേരി ചെരണിയിൽ ഒരു വാണിജ്യ കെട്ടിടത്തിന് മുകളിൽ അസ്ഥികൂടം കണ്ടെത്തി. സംഭവം നഗരത്തിൽ പരിഭ്രാന്തി പരത്തി. കെട്ടിടത്തിന്റെ ടെറസ്സിലെ ഫ്ലെക്സ് മാറ്റാൻ എത്തിയ തൊഴിലാളികളാണ് അസ്ഥികൂടം ആദ്യം കണ്ടത്.
കണ്ടെത്തിയ അസ്ഥിക്കൂടത്തിന് രണ്ട് മാസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ്. അസ്ഥികൾ മനുഷ്യന്റേതാണെന്നാണ് പോലീസ് കരുതുന്നത്.
സംഭവം അറിഞ്ഞ് മഞ്ചേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ അന്വേഷണത്തിനും ശാസ്ത്രീയ പരിശോധനകൾക്കുമായി ഇന്ന് ഫൊറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കും.
മൃതദേഹം മനുഷ്യന്റേത് ആണോ എന്നും മറ്റും തിരിച്ചറിയാനുള്ള ശ്രമങ്ങളും പോലീസ് ആരംഭിച്ചു.