പെരിന്തൽമണ്ണയിൽ വിദ്യാർത്ഥി ആത്മഹത്യ; സ്കൂൾ അധികൃതർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
പെരിന്തൽമണ്ണ: വിദ്യാർത്ഥിയുടെ ആത്മഹത്യയെ തുടർന്ന് സ്കൂൾ അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂൾ ൽ പഠിച്ചിരുന്ന 15 വയസ്സുകാരനായ വിദ്യാർത്ഥിയാണ് കഴിഞ്ഞ ആഴ്ച വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടത്.
സ്കൂളിലെ ചില അധ്യാപകരിൽ നിന്നുണ്ടായ മാനസിക സമ്മർദ്ദവും തുടർച്ചയായ ഭീഷണിയും കുട്ടിയെ ഏറെ ബാധിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. പഠനവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിൽ കുട്ടിക്ക് അനാവശ്യ സമ്മർദ്ദം നേരിടേണ്ടി വന്നതായും രക്ഷിതാക്കൾ പറയുന്നു.
മറ്റൊരു സ്കൂളിലേക്ക് മാറ്റുന്നതിനായി ടി.സി ആവശ്യപ്പെട്ടപ്പോൾ, ചില പരീക്ഷകൾ നിർബന്ധമാണെന്ന് സ്കൂൾ ഭാഗത്ത് നിന്ന് അറിയിച്ചതായും കുടുംബം ആരോപിക്കുന്നു. പരീക്ഷയിൽ പരാജയപ്പെട്ടാൽ ഭാവി പഠനത്തെ ബാധിക്കുമെന്ന രീതിയിലുള്ള മുന്നറിയിപ്പുകൾ കുട്ടിയെ മാനസികമായി തളർത്തിയിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
കൂടാതെ, സ്കൂൾ പരിപാടികളിൽ നിന്ന് കുട്ടിയെ ഒഴിവാക്കിയതായും മരണത്തിന് ശേഷം സംഭവത്തെക്കുറിച്ച് തുറന്ന നിലപാട് സ്കൂൾ അധികൃതർ സ്വീകരിച്ചില്ലെന്നുമാണ് കുടുംബത്തിന്റെ പരാതി.സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുകയും, വിദ്യാർത്ഥിക്ക് മാനസിക സമ്മർദ്ദം ഉണ്ടായിരുന്നോയെന്ന് പരിശോധിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. അതേസമയം, വിഷയത്തിൽ സ്കൂൾ അധികൃതരുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.
