ഹരിപ്പാട്ട് ആശുപത്രിയിൽ യുവതി പ്രസവിച്ച നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞതായി പരാതി
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നവജാത ശിശുവിനെ അമ്മ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. വയറുവേദനയെ തുടർന്ന് ചികിത്സയ്ക്കായി എത്തിയ 19-കാരിയായ യുവതിയാണ് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ചതെന്നാണ് വിവരം.
പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ ശുചിമുറിയുടെ ജനൽ വഴിയാണ് പുറത്തേക്ക് എറിഞ്ഞതെന്നാണ് ആശുപത്രി ജീവനക്കാർ പറയുന്നത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് എത്തിയ ജീവനക്കാരാണ് പുറത്തുവീണ നിലയിൽ നവജാത ശിശുവിനെ കണ്ടെത്തിയത്.
കുഞ്ഞിന് ഗുരുതര പരിക്കുകളൊന്നുമില്ലെന്നും ആരോഗ്യനില സ്ഥിരമാണെന്നും ഡോക്ടർമാർ അറിയിച്ചു. തുടർന്ന് അമ്മയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുഞ്ഞിനെ നവജാത ശിശു തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
വയറുവേദനയാണെന്ന് പറഞ്ഞാണ് യുവതി ആശുപത്രിയിൽ എത്തിയത്. പിതാവും സഹോദരങ്ങളും കൂടെയുണ്ടായിരുന്നു. യുവതി ഗർഭിണിയാണെന്ന വിവരം മറച്ചുവെച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
