തൃശൂർ: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു. തൃശൂർ വടക്കാഞ്ചേരി മംഗലത്ത് താമസിക്കുന്ന നാല് വയസുള്ള പെൺകുട്ടിക്കും ഏഴ് വയസുള്ള ആൺകുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലും നിരീക്ഷണത്തിലുമാണ്.
ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ പ്രകാരം നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പ്രദേശത്ത് ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ഇതിനിടെ മലപ്പുറത്ത് ഷിഗെല്ല ബാധയെ തുടർന്ന് 59 വയസുകാരി മരണപ്പെട്ടിരുന്നു. വയറിളക്കത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് ഗുരുതരാവസ്ഥയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സമീപ ദിവസങ്ങളിൽ കോഴിക്കോട് പയ്യോളിയിൽ മൂന്ന് വയസുകാരനും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വയനാട് കോളിയാടി സ്കൂളിലെ ഏഴ് പേർക്കും രോഗബാധ കണ്ടെത്തിയിരുന്നു. ഇതോടെ ജില്ലയിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 16 ആയി ഉയർന്നു.
ഈ വർഷം സംസ്ഥാനത്ത് 110-ലധികം പേർക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 54 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ആരോഗ്യ ജാഗ്രതയും ശുചിത്വ പാലനവും രോഗപ്രതിരോധത്തിന് നിർണായകമാണെന്ന് ആരോഗ്യവിദഗ്ധർ ഓർമ്മിപ്പിച്ചു.
