കാസർകോട്: മേൽപ്പറമ്പിൽ 16 വയസുകാരി പീഡനത്തിനിരയായ കേസിൽ പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്നു. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ 25കാരി സ്‌നേഹ മെർലിൻ പലതവണ ലൈംഗികാതിക്രമം നടത്തിയതായി പെൺകുട്ടി മൊഴി നൽകിയതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ഒരു വർഷത്തോളം പെൺകുട്ടിയുടെ വീട്ടിൽ താമസിച്ചിരുന്ന സമയത്താണ് പീഡനം നടന്നതെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം. അമ്മ വീട്ടിലുണ്ടായിരുന്ന സാഹചര്യത്തിലും ദുരുപയോഗം നടന്നതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.
ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയവെയാണ് പെൺകുട്ടിയുടെ അമ്മയും സ്‌നേഹ മെർലിനും പരിചയപ്പെട്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. അന്നത്തെ കാലയളവിൽ മറ്റൊരു പോക്‌സോ കേസുമായി ബന്ധപ്പെട്ട് സ്‌നേഹയും ജയിലിലുണ്ടായിരുന്നു.
ഇതിനുമുമ്പ് ഇതേ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ പിതാവ് അറസ്റ്റിലായി ജയിലിലാണ്.
പീഡനവിവരം അറിഞ്ഞിട്ടും മറച്ചുവെച്ചെന്ന ആരോപണത്തെ തുടർന്ന് അമ്മയെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ പെൺകുട്ടിയെ നീലേശ്വരത്തെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു. അവിടെ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പിതാവിന് പുറമേ സ്‌നേഹ മെർലിനും തന്നെ പീഡിപ്പിച്ചിരുന്നുവെന്ന വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് സ്‌നേഹ മെർലിൻ നിലവിൽ ഒളിവിലാണെന്നും പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. മുമ്പും പ്രായപൂർത്തിയാകാത്ത കുട്ടികളുമായി ബന്ധപ്പെട്ട പോക്‌സോ കേസുകളിൽ സ്‌നേഹ പ്രതിയായിരുന്നുവെന്നാണ് പൊലീസ് രേഖകൾ സൂചിപ്പിക്കുന്നത്.
