തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡിവൈഎഫ്‌ഐ നേമം ഏരിയ സെക്രട്ടറി ശ്രീജിത്ത് ഉൾപ്പെടെ മനോജ്, ജീവൻ, ഷാഹിൻ എന്നിവരെയാണ് പിടികൂടിയത്. ആക്രമണത്തിൽ ഇവർക്ക് നേരിട്ടുള്ള പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ പരിശോധന പൂർത്തിയാക്കി മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം നടന്നത്. സംഭവത്തിന് പിന്നാലെ സിറ്റി പൊലീസ് കമ്മീഷണർ കെ കാർത്തികേയന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണവും അറസ്റ്റ് നടപടികളും ആരംഭിച്ചു.
പ്രതികൾ പാളയം ഏരിയ കമ്മിറ്റി ഓഫീസിൽ എത്തിയെന്ന വിവരത്തെ തുടർന്ന് പൊലീസ് സ്ഥലത്ത് സുരക്ഷ ശക്തമാക്കി. മുതിർന്ന സിപിഐഎം നേതാക്കളും സ്ഥലത്തെത്തി. പ്രതികൾ ഓഫീസിൽ ഇല്ലെന്നായിരുന്നു നേതാക്കളുടെ പ്രതികരണം. ഇതിനിടെ പ്രതികളുടെ ചിത്രങ്ങൾ പൊലീസ് നേതാക്കൾക്ക് കൈമാറുകയും അറസ്റ്റ് നടപടികൾ തുടരുമെന്ന് അറിയിക്കുകയും ചെയ്തു.
ശ്രീജിത്തിനെ ബേക്കറി ജങ്ഷനിൽ നിന്ന് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് നന്ദാവനം എആർ ക്യാമ്പിലേക്ക് മാറ്റി. കേസിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. മാരകായുധങ്ങളുമായി ആക്രമണം നടത്തിയെന്ന ഇ ഡി ഉദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംഭവത്തെ കുറിച്ച് ഗവർണർ സംസ്ഥാന പൊലീസ് മേധാവിയോട് വിശദാംശങ്ങൾ തേടി. ഡിജിപി ഫോണിലൂടെ ഗവർണറെ വിവരം അറിയിച്ചു.