നീറ്റ് ചോദ്യപേപ്പർ ചോർച്ച: പ്രധാന പ്രതി പിടിയിൽ, പുനഃപരീക്ഷ ജൂൺ 21ന്
ഡൽഹി: നീറ്റ് യുജി പരീക്ഷ ചോദ്യപേപ്പർ ചോർച്ച കേസിൽ നിർണായക അറസ്റ്റ്. കേസിലെ പ്രധാന പ്രതിയെന്ന് കരുതുന്ന പ്രൊഫസർ പി വി കുൽകർണിയെ സിബിഐ കസ്റ്റഡിയിൽ എടുത്തു. എൻടിഎയുടെ പരീക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്ന ഇയാൾ, അതുവഴിയാണ് ചോദ്യങ്ങൾ പുറത്തേക്ക് കൈമാറിയതെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.
വിദ്യാർത്ഥികൾക്കായി സ്വകാര്യ പരിശീലന ക്ലാസുകൾ നടത്തിയിരുന്ന കുൽകർണി, പരീക്ഷയ്ക്ക് മുമ്പ് ചോദ്യങ്ങളും ഉത്തരങ്ങളും കൈമാറിയതായി സിബിഐ പറയുന്നു.
വിദ്യാർത്ഥികൾ കുറിച്ചുവെച്ച ചോദ്യങ്ങൾ യഥാർത്ഥ നീറ്റ് ചോദ്യപേപ്പറുമായി സാമ്യമുള്ളതായും അന്വേഷണത്തിൽ വ്യക്തമായി.
കേസുമായി ബന്ധപ്പെട്ട് നേരത്തെ അഞ്ചുപേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. രാജസ്ഥാനിലെ ജയ്പൂരിൽ നിന്നുള്ള മൂന്ന് പേരും, ഗുഡ്ഗാവിലും നാസിക്കിലുമുള്ള ഓരോരുത്തരുമാണ് പിടിയിലായത്. പ്രതികളിൽ ഒരാൾ രാഷ്ട്രീയ യുവജന സംഘടനയുമായി ബന്ധമുള്ളയാളാണെന്നും റിപ്പോർട്ടുകളുണ്ട്.
ചോദ്യപേപ്പർ കൈവശപ്പെടുത്താൻ ലക്ഷങ്ങൾ ചെലവഴിച്ചതായും അന്വേഷണ സംഘം സംശയിക്കുന്നു.
അതേസമയം, വിവാദത്തെ തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി പരീക്ഷ വീണ്ടും നടത്താൻ എൻടിഎ തീരുമാനിച്ചു. പുനഃപരീക്ഷ 2026 ജൂൺ 21ന് നടക്കുമെന്ന് അധികൃതർ അറിയിച്ചു. മെയ് 3ന് നടന്ന പരീക്ഷയാണ് ക്രമക്കേട് ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് റദ്ദാക്കിയത്.
രാജ്യമെമ്പാടുമുള്ള ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. പുതിയ പരീക്ഷാ തീയതിയും അനുബന്ധ വിവരങ്ങളും എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സംഭവത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമായി തുടരുകയാണ്. വിദ്യാർത്ഥി സംഘടനകളും രാഷ്ട്രീയ നേതാക്കളും പരീക്ഷാ സംവിധാനത്തിലെ വീഴ്ചകളെതിരെ രംഗത്തെത്തിയിട്ടുണ്ട്.