ബിജെപി കോർ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം; നേതൃനിരയ്‌ക്കെതിരെ അതൃപ്തി
തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനായി ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ നേതൃനിരയ്‌ക്കെതിരെ കടുത്ത വിമർശനം ഉയർന്നു. മണ്ഡലങ്ങളിൽ സ്ഥിരമായി പ്രവർത്തിച്ച നേതാക്കൾക്കാണ് വിജയം നേടാനായതെന്നും തിരഞ്ഞെടുപ്പ് സമയത്ത് മാത്രം സജീവമാകുന്നത് പോരെന്നുമാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ യോഗത്തിൽ വ്യക്തമാക്കിയതെന്നാണ് റിപ്പോർട്ട്.
കഴക്കൂട്ടവും ചാത്തന്നൂരും ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, മണ്ഡലങ്ങൾ മാറിമാറി മത്സരിക്കുന്ന പ്രവണത പാർട്ടിക്ക് തിരിച്ചടിയായെന്നും അഭിപ്രായപ്പെട്ടു. ഇതോടെ കെ . സുരേന്ദ്രൻ , ശോഭ സുരേന്ദ്രൻ എന്നിവർക്കെതിരെയും വിമർശനം ശക്തമായി.
ക്രൈസ്തവ സഭയെ സംബന്ധിച്ച വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ P. C. ജോർജ് , ശൺ ജോർജ്എ ന്നിവർക്കെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു. ഇത്തരം പരാമർശങ്ങൾ തെരഞ്ഞെടുപ്പ് സമയത്ത് അനാവശ്യ വിവാദങ്ങൾക്ക് വഴിവെച്ചുവെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എസ് സുരേഷിനെതിരെയും യോഗത്തിൽ രൂക്ഷ വിമർശനമുണ്ടായി. സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഏകപക്ഷീയ സമീപനമാണ് ഉണ്ടായതെന്നും സംഘടനാ കാര്യങ്ങൾ നേതാക്കളെ അറിയിച്ചില്ലെന്നുമാണ് വിമർശനം.
ഔദ്യോഗിക പക്ഷത്തിനെതിരെ വി . മുരളീധരൻ ഉൾപ്പെടെയുള്ള നേതാക്കൾ നിലപാട് എടുത്തതായും റിപ്പോർട്ടുണ്ട്.
പാലക്കാടും തൃശ്ശൂരും ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ വോട്ടുചോർച്ച പരിശോധിക്കാനും കോർ കമ്മിറ്റി തീരുമാനിച്ചു.
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മൂന്ന് സീറ്റുകൾ നേടാനായി. കഴക്കൂട്ടത്ത് വി . മുരളീധരൻ , നേമത്ത് രാജീവ് ചന്ദ്രശേഖരൻ , ചാത്തന്നൂരിൽ ബി . ബി . ഗോപകുമാർ എന്നിവരാണ് വിജയിച്ചത്.
20 ശതമാനത്തിലധികം വോട്ട് വിഹിതം ലക്ഷ്യമിട്ടിരുന്ന ബിജെപിക്ക് ഇത്തവണ 11.42 ശതമാനം വോട്ടാണ് ലഭിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്കുകൾ പ്രകാരം പാർട്ടിക്ക് 24,66,178 വോട്ടുകൾ ലഭിച്ചു. 2021ൽ ഇത് 11.30 ശതമാനവും 23,54,468 വോട്ടുകളുമായിരുന്നു.