രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ശബ്ദരേഖാ വിവാദം; ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്ന് ആരോപണം
കൊച്ചി: ലൈംഗികാരോപണത്തെത്തുടർന്ന് യൂത്ത്
കൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചതിന് പിന്നാലെ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങൾ. യുവതിയുമായുള്ള വാട്‌സാപ്പ് ചാറ്റുകളും ഫോൺ സംഭാഷണവുമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഗർഭഛിദ്രത്തിന് യുവതിയെ നിർബന്ധിക്കുന്നതും അസഭ്യം പറയുന്നതുമാണ് ശബ്ദരേഖയിലുള്ളത്.
കുഞ്ഞ് വേണമെന്നും യുവതിയെ ഗർഭിണിയാക്കണമെന്നും രാഹുൽ നേരത്തെ വാട്‌സാപ്പിലൂടെ ആവശ്യപ്പെട്ടിരുന്നതായി പുറത്തുവന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ പിന്നീട് നിലപാട് മാറ്റിയ രാഹുൽ, ഗർഭധാരണത്തിന് വിസമ്മതിച്ച യുവതിയെ അതിനായി നിർബന്ധിക്കുകയും ഗർഭധാരണത്തിന് ശേഷം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ അറിയിച്ചപ്പോൾ അസഭ്യം പറയുകയുമായിരുന്നു. യുവതി നാടകം കളിക്കുകയാണെന്നും സംഭാഷണത്തിൽ രാഹുൽ ആരോപിക്കുന്നുണ്ട്.
എല്ലാം രാഹുലിന്റെ തീരുമാനപ്രകാരമായിരുന്നില്ലേ എന്നും അവസാന നിമിഷം എന്തിനാണ് പിന്മാറുന്നതെന്നും യുവതി ചോദിക്കുന്നുണ്ട്. "കുഞ്ഞിനെ വേണമെന്ന് പറഞ്ഞുകൊണ്ടിരുന്നത് ആരാണ്? അത് ഞാന്‍ ആണോ? എന്തിനാണ് എന്നെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത്?" - എന്നിങ്ങനെ യുവതിയുടെ ചോദ്യങ്ങൾക്ക് രാഹുൽ വ്യക്തമായ മറുപടി നൽകുന്നില്ല. ഇതിനെ കുറിച്ച് സംസാരിക്കാൻ സാധിക്കില്ലെന്ന് പെൺകുട്ടി പറയുമ്പോൾ "നിനക്കില്ലാത്ത പ്രശ്നം എന്തിനാണ് എനിക്ക്" എന്നാണ് രാഹുൽ തിരിച്ചു ചോദിക്കുന്നത്. ഈ ശബ്ദരേഖ പുറത്തുവന്നതോടെ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ്.