വയനാട്ടിൽ കോൺഗ്രസിന് ആശ്വാസം; വിമതൻ ജഷീർ പള്ളിവയൽ പത്രിക പിൻവലിച്ചു
കൽപറ്റ: വയനാട് ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ വിമതസ്വരമുയർത്തിയ ജഷീർ പള്ളിവയൽ നാമനിർദേശ പത്രിക പിൻവലിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ അടിയന്തര ഇടപെടലിനെത്തുടർന്നാണ് തീരുമാനം. പാർട്ടിയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും കോൺഗ്രസിന് കളങ്കം വരുത്തുന്ന നടപടികൾ തൻ്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും പത്രിക പിൻവലിച്ച ശേഷം ജഷീർ പ്രതികരിച്ചു.
നിലവിൽ ബ്ലോക്ക് പഞ്ചായത്ത് അംഗമായ ജഷീർ, ജില്ലാ പഞ്ചായത്ത് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങിയത്. തോമാട്ടുചാൽ ഡിവിഷനിൽ തന്നെ പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ഈ സീറ്റ് മുസ്ലിം ലീഗിന് വിട്ടുനൽകുകയും പകരം മറ്റൊരു സീറ്റ് നൽകാതിരിക്കുകയും ചെയ്തതാണ് ജഷീറിനെ ചൊടിപ്പിച്ചത്.
തന്നെ അപമാനിക്കാനും യോഗ്യതയില്ലെന്ന് വരുത്തിത്തീർക്കാനും ശ്രമം നടന്നുവെന്നായിരുന്നു ജഷീറിന്റെ നേരത്തെയുള്ള ആരോപണം. പത്രിക പിൻവലിക്കാൻ കടുത്ത സമ്മർദ്ദമുണ്ടെങ്കിലും വഴങ്ങില്ലെന്നായിരുന്നു ജഷീർ ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ടതോടെയാണ് രണ്ട് തവണ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന ജഷീർ അയഞ്ഞത്.