പരിയാപുരം: ക്ഷേത്രത്തിൻ്റെ ഭണ്ഡാരം തകർത്ത് മോഷണം. പരിയാപുരം ഭഗവതി കോട്ടയിലെ ക്ഷേത്രത്തിൻ്റെ മൂന്ന് ഭണ്ഡാരങ്ങൾ തകർത്താണ് മോഷ്ടാവ് പണം കവർന്നത്. മോഷ്ടാവ് ശ്രീകോവിൽ തുറന്നെങ്കിലും അകത്ത് കയറാൻ കഴിഞ്ഞില്ല. ചൊവ്വാഴ്ച പുലർച്ചെ 5 മണിക്ക് ക്ഷേത്രത്തിലെത്തിയ പൂജാരി പി. കലാധരനാണ് ഭണ്ഡാരം തകർത്ത നിലയിൽ കണ്ടത്. തുടർന്ന് ക്ഷേത്രകമ്മറ്റി ഭാരവാഹികളെയും തിരൂർ പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.
തിരൂർ സി.ഐ. കെ.ജെ ജിനേഷിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു സംഭവമെന്ന് ക്ഷേത്ര കമ്മറ്റി പ്രസിഡൻ്റ് പി. അനിൽ പറഞ്ഞു. കഴിഞ്ഞ കാലവർഷത്തിൽ ക്ഷേത്രത്തിലെ സി.സി.ടി.വി ക്യാമറകൾക്ക് തകരാറ് സംഭവിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്കു മുമ്പ് പരിയാപുരം ജുമാമസ്ജിദിലും വെട്ടത്ത് കാവിലും മോഷണം നടന്നിരുന്നു.
