തിരൂർ: പരന്നേക്കാട്ടെ നഗരസഭ അറവുശാല നിർമാണം പാതിവഴിയില്‍ തന്നെ. കോടികള്‍ ചെലവഴിച്ച് സ്ഥാപിച്ച ആധുനിക ഉപകരണത്തിന്റെ വാറന്റി കാലാവധി കഴിഞ്ഞിട്ടും പ്രവർത്തനമാരംഭിച്ചില്ലെന്ന് നഗരസഭ ഓഡിറ്റ് റിപ്പോർട്ടില്‍ .
2010 ല്‍ 53,85,000 രൂപ അടങ്കലായാണ് തിരൂർ നഗരസഭയില്‍ ആധുനിക രീതിയില്‍ അറവുശാല സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചത്. ശുചിത്വമിഷൻ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് 2013 ല്‍ പൂർത്തിയാക്കേണ്ടിയിരുന്ന പദ്ധതിക്ക് 14 വർഷം കൊണ്ട് ചെലവ് രണ്ടര കോടി രൂപയായി ഉയർന്നു. എന്നിട്ടും വൈദ്യുതീകരണം അടക്കം നിരവധി പ്രവൃത്തികളാണ് ബാക്കിയായത്.
ഇതിനായി ഇനിയും മുക്കാല്‍ കോടി രൂപ ചെലവഴിക്കേണ്ടിവരുമെന്നും ഇതോടെ അറവുശാലക്ക് മൂന്നേക്കാല്‍ കോടി രൂപ ചെലവ് വരുമെന്നും നഗരസഭ 2022-23 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടില്‍ പറയുന്നു. 2022 മാർച്ച് മുതല്‍ 2023 ഫെബ്രുവരി വരെയാണ് കോടികള്‍ വിലവരുന്ന ആധുനിക ഉപകരണങ്ങള്‍ സ്ഥാപിച്ചത്. ഒരു വർഷം ഗ്യാരണ്ടിയും വാറന്റിയും ലഭിക്കേണ്ടിയിരുന്ന ഈ ഉപകരണങ്ങള്‍ക്ക് ഇനി രണ്ടും ലഭിക്കില്ലെന്നും അതുവഴി നഗരസഭക്ക് ലക്ഷങ്ങള്‍ നഷ്ടമാകുമെന്നും ഓഡിറ്റ് റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നു.
