തിരുവനന്തപുരം: വി . ഡി . Satheesan നേതൃത്വം നൽകുന്ന യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ചടങ്ങിനായി കർശന നിർദേശവുമായി ലോക്ഭവൻ. സത്യപ്രതിജ്ഞാ വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ ഉണ്ടാകാവൂ എന്നാണ് നിർദേശം. മറ്റ് അതിഥികൾക്കും നേതാക്കൾക്കും വേദിയിൽ പ്രവേശനം അനുവദിക്കില്ലെന്നും സ്റ്റേജ് ക്രമീകരണങ്ങൾ അതനുസരിച്ച് ഒരുക്കണമെന്നും അധികൃതർ അറിയിച്ചു.
ഇതനുസരിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന വേദിയിൽ ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർ മാത്രം ഉണ്ടാകും. ക്ഷണിക്കപ്പെട്ട മറ്റ് അതിഥികൾ പ്രത്യേകം ഒരുക്കിയ പവലിയനിലായിരിക്കും ഇരിക്കുക. പൊതുജനങ്ങൾക്കായി സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക പന്തലുകളും സജ്ജമാക്കുന്നുണ്ട്.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം വേദിയായ ചടങ്ങ് നാളെ രാവിലെ 10 മണിക്കാണ് നടക്കുക. അമ്പതിനായിരത്തോളം ആളുകളെ ഉൾക്കൊള്ളുന്ന രീതിയിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. പൊതുജനങ്ങൾക്ക് ചടങ്ങ് തത്സമയം കാണാനായി നഗരത്തിലെ ആറു കേന്ദ്രങ്ങളിൽ എൽഇഡി വാളുകളും സ്ഥാപിക്കും.
സത്യപ്രതിജ്ഞാ ദിനത്തിൽ നഗരത്തിൽ പ്രത്യേക ഗതാഗത നിയന്ത്രണങ്ങളും ഉണ്ടായിരിക്കുമെന്ന് പൊലീസ് അറിയിച്ചു.
