gtag('config', 'G-JLGLB1LBDZ'); വി ഡി സതീശൻ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; 20 അംഗ മന്ത്രിസഭ അധികാരമേൽക്കും

വി ഡി സതീശൻ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; 20 അംഗ മന്ത്രിസഭ അധികാരമേൽക്കും

Malabar One  Desk

 


തിരുവനന്തപുരം
: സംസ്ഥാനത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി ഡി സതീശൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 10 മണിക്കാണ് ചടങ്ങ് നടക്കുക. മുഖ്യമന്ത്രിക്കൊപ്പം 20 മന്ത്രിമാരും അധികാരമേൽക്കും.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു എന്നിവർ ചടങ്ങിൽ പങ്കെടുക്കും. തമിഴ്നാട് മുഖ്യമന്ത്രി വിജയ് ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് വിവരം.

വി ഡി സതീശനൊപ്പം കോൺഗ്രസിൽ നിന്ന് രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, ബിന്ദു കൃഷ്ണ, എ പി അനിൽ കുമാർ, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോൺ, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, കെ എ തുളസി എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.

മുസ്ലിം ലീഗിൽ നിന്ന് പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീർ, കെ എം ഷാജി, എൻ ഷംസുദ്ദീൻ, വി ഇ അബ്ദുൾ ഗഫൂർ എന്നിവരും ഘടകകക്ഷികളിൽ നിന്ന് സി പി ജോൺ, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, മോൻസ് ജോസഫ് എന്നിവരും മന്ത്രിസഭയിലെത്തും.

സത്യപ്രതിജ്ഞാ വേദിയിൽ ഗവർണർക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ ഉണ്ടാകൂവെന്ന് രാജ്ഭവൻ അറിയിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും വേദിക്ക് താഴെയായിരിക്കും ഇരിക്കുക.

വകുപ്പുവിതരണം സംബന്ധിച്ച നിർദേശങ്ങൾ ഇന്ന് സമർപ്പിക്കുമെന്നും എല്ലാ കാര്യങ്ങളിലും അന്തിമ തീരുമാനം എടുത്തിട്ടുണ്ടെന്നും വി ഡി സതീശൻ പ്രതികരിച്ചു. മുഖ്യമന്ത്രിയെ വിമർശനത്തിന് അതീതനാക്കാനാകില്ലെന്നും തെറ്റുകൾ കണ്ടാൽ ചൂണ്ടിക്കാണിക്കാമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ കാർ വാങ്ങില്ലെന്ന നിലപാടും വി ഡി സതീശൻ ആവർത്തിച്ചു. കറുത്ത കാർ ഉപയോഗിക്കുമെന്നും മൂന്ന് വാഹനങ്ങളിൽ കൂടുതൽ കോൺവോയിൽ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


3/related/default