തിരൂരിൽ അനധികൃത മണൽ കടത്ത് തടഞ്ഞ പൊലീസിനെ ലോറി ഇടിച്ച് ആക്രമിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ
തിരൂർ: അനധികൃത മണൽ കടത്ത് തടയുന്നതിനിടെ പൊലീസിനെ ലോറി ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പുതിയ കടപ്പുറം മൂത്താട്ട് മൂത്താട്ട് വീട്ടിൽ റാസിഖ് (29) ആണ് പിടിയിലായത്.
തിരൂർ സ്റ്റേഷനിലെ എസ്.ഐ അനീഷ്, എസ്.സി.പി.ഒ കെ.ആർ. രാജേഷ്, സി.പി.ഒ ടോണി വർഗീസ് എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഭാരതപ്പുഴയുടെ കൂട്ടായി ഭാഗത്ത് നിന്ന് അനധികൃതമായി മണൽ കടത്തുകയായിരുന്ന ലോറിയെ പട്രോളിംഗ് ഡ്യൂട്ടിക്കിടെ പോലീസ് കൈകാണിച്ച് തടയാൻ ശ്രമിച്ചപ്പോഴാണ് സംഭവം നടന്നത്.
പാരിസ് പ്രദേശത്ത് വെച്ച് പോലീസ് സംഘം ലോറിയെ തടയാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ വാഹനത്തെ പോലീസ് ഉദ്യോഗസ്ഥർക്കു നേരെ ഓടിച്ച് അപകടപ്പെടുത്താൻ ശ്രമിച്ചു. തുടർന്ന് ലോറിയുമായി പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. അന്വേഷണത്തിൽ ഇയാൾ ലോറിയുടെ പിൻഭാഗം ഉയർത്തി മണൽ റോഡിലേക്ക് ഒഴുക്കി പൊലീസ് വാഹനത്തിന് അപകടം സൃഷ്ടിക്കാനും ശ്രമിച്ചതായും കണ്ടെത്തി. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്താനും കൊലപാതക ശ്രമത്തിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
