താനൂരിൽ ലഹരി വേട്ട; കഞ്ചാവും എംഡിഎംഎയും സഹിതം അഞ്ചുപേർ പിടിയിൽ
മലപ്പുറം: താനൂരിൽ വിവിധ ഭാഗങ്ങളിൽ നടത്തിയ വ്യാപക പരിശോധനയിൽ ലഹരി വസ്തുക്കളുമായി അഞ്ചുപേരെ പോലീസ് പിടികൂടി. താനൂർ പോലീസും ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘവും ചേർന്നാണ് പരിശോധന നടത്തിയത്.
തെയ്യാലയിലെ വാടക ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 1.5 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാളിലെ വർദ്ധമാൻ ജില്ല സ്വദേശികളായ സുജൻ ഖാൻ, മാനിർ എസ്.കെ എന്നിവരാണ് പിടിയിലായത്.
ഇതിനുപുറമെ, ഉണ്ണിയാൽ അഴീക്കൽ ബീച്ച് റോഡിൽ നടത്തിയ മറ്റൊരു പരിശോധനയിൽ 3.75 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. പുത്തനത്താണി വെട്ടിച്ചിറ സ്വദേശി അരീക്കാടൻ ഷറഫുദ്ദീൻ, നിറമരത്തൂർ ഉണ്ണിയാൽ സ്വദേശി റമീസ് ബാബു, കല്പകഞ്ചേരി സ്വദേശി മുഹമ്മദ് ഫാസിൽ എന്നിവരാണ് പിടിയിലായത്.
പ്രതികളിൽ നിന്ന് ലഹരി വസ്തുക്കളും മറ്റ് തെളിവുകളും പോലീസ് പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.
