തിരൂരിൽ എ വിജയരാഘവനെതിരെ ‘സേവ് സിപിഐഎം’ ഫ്‌ളക്‌സ്
മലപ്പുറം തിരൂരിൽ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനെതിരെ ‘സേവ് സിപിഐഎം’ എന്ന പേരിൽ ഫ്‌ളക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. വർഗീയ ശക്തികളുമായി ചേർന്ന് പാർട്ടിയെ തകർക്കുന്നുവെന്നാരോപിച്ചാണ് ഫ്‌ളക്‌സ് ഉയർന്നത്.
എസ്ഡിപിഐ നേതാവിനൊപ്പം എ വിജയരാഘവൻ പങ്കെടുത്ത വിരുന്നിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെയാണ് ബോർഡ് സ്ഥാപിച്ചത്. “വർഗീയവാദികളോട് കൂട്ടുകൂടുന്ന നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കണം” എന്ന രീതിയിലുള്ള വിമർശനങ്ങളാണ് ഫ്‌ളക്‌സിലുള്ളത്.
തിരൂർ ജംഗ്ഷനിൽ സ്ഥാപിച്ച ഫ്‌ളക്‌സിന് പിന്നിൽ ഡിവൈഎഫ്‌ഐയുടെ മുൻ പ്രാദേശിക നേതാവാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. ജില്ലയിലെ പാർട്ടിയുടെ രാഷ്ട്രീയ തിരിച്ചടികൾക്ക് വിജയരാഘവന്റെ നിലപാടുകളാണ് കാരണമെന്നും വിമർശകർ ആരോപിക്കുന്നു.
അതേസമയം, വിവാദമായ വിരുന്നിൽ പങ്കെടുത്തതിൽ തെറ്റില്ലെന്ന നിലപാടിലാണ് എ വിജയരാഘവൻ. സുഹൃത്തുക്കൾ ക്ഷണിച്ചാൽ ഭക്ഷണത്തിന് പോകുന്നതിൽ രാഷ്ട്രീയമോ വർഗീയതയോ കാണേണ്ടതില്ലെന്നും, ഇത്തരം വിഷയങ്ങളെ വിവാദമാക്കുന്നത് തെറ്റായ സമീപനമാണെന്നും അദ്ദേഹം പ്രതികരിച്ചു.
