തീരുർ : മലപ്പുറം ജില്ല വിഭജിക്കേണ്ടതിന്റെ ആവശ്യകത മുന്നോട്ടുവച്ച് തിരൂർ സബ് കളക്ടർ ദിലീപ് ക്കെ കൈനിക്കര . സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ഭരണപരമായും പൊതുസൗകര്യങ്ങളുടെ കാര്യത്തിലും വലിയ ജില്ലകളെ വിഭജിക്കുന്നത് ഗുണകരമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്.
2029 വരെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പുകളില്ലാത്ത സാഹചര്യം വലിയ പരിഷ്‌കരണങ്ങൾ നടപ്പാക്കാൻ അനുയോജ്യമായ സമയമാണെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു. പെൻഷൻ പ്രായം നിലവിലെ 56ൽ നിന്ന് 60 ആയി ഉയർത്തണമെന്നും, ആരോഗ്യ സൂചികകളും ആയുർദൈർഘ്യവും ഉയർന്ന സമൂഹത്തിൽ ചെറുപ്പത്തിൽ വിരമിക്കൽ യുക്തിസഹമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മലയാളം മീഡിയം വിദ്യാഭ്യാസം എൽപി തലത്തിൽ പരിമിതപ്പെടുത്തുകയും, യു.പി മുതൽ ഹയർസെക്കൻഡറി വരെ ഇംഗ്ലീഷ് മീഡിയം സാധാരണമാക്കണമെന്നും ദിലീപ് നിർദേശിച്ചു. പുതിയ സാമൂഹിക വേർതിരിവുകൾ ഒഴിവാക്കാൻ ഇത് സഹായിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ.
സ്കൂളുകളിലെ ഗ്രേഡിംഗ് സംവിധാനത്തിലും മാറ്റം വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എ പ്ലസ് ഉദാരവത്കരണം അവസാനിപ്പിച്ച് വിദ്യാർത്ഥികളുടെ യഥാർത്ഥ പഠന നിലവാരം തിരിച്ചറിയാൻ കഴിയുന്ന രീതിയിലേക്ക് മൂല്യനിർണയം പരിഷ്‌കരിക്കണമെന്നാണ് അഭിപ്രായം. എല്ലാവർക്കും വിജയമെന്ന രീതിയിലുള്ള നിലവിലെ സമ്പ്രദായവും പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ടൂറിസത്തിനും സേവനമേഖല നിക്ഷേപങ്ങൾക്കും സഹായകരമാകുന്ന രീതിയിൽ സംസ്ഥാനത്ത് നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
