തീരുർ : നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വിജയത്തിന് പിന്നാലെ മലപ്പുറം ജില്ലയിലെ തവനൂർ പെരുന്തല്ലൂരിൽ നടന്ന ഒരു ആഘോഷം വിവാദമായി. മുസ്ലിം ലീഗ് അനുഭാവികളായ ചില പ്രവർത്തകർ ആടിനെ കൊന്ന് അതിന്റെ തല പ്രദർശിപ്പിച്ചതായി പുറത്തുവന്ന ദൃശ്യങ്ങളാണ് പ്രതിഷേധങ്ങൾക്ക് വഴിവച്ചത്.
കെ.ടി. ജലീലിന്റെ പരാജയത്തെ തുടർന്ന് ഉണ്ടായ ആവേശത്തിലാണ് യൂത്ത് ലീഗ് പ്രവർത്തകർ ഈ നടപടി നടത്തിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വ്യാപക വിമർശനമാണ് ഉയർന്നത്.
വിവാദം ശക്തമായതോടെ പ്രാദേശിക ലീഗ് നേതൃത്വം വിശദീകരണവുമായി രംഗത്തെത്തി. ആഘോഷത്തിനിടെ ആവേശത്തിൽ നിന്നുണ്ടായ ഒരു തെറ്റായ പ്രവർത്തിയാണിതെന്നും, ഇത് പാർട്ടിയുടെ നിലപാട് പ്രതിഫലിപ്പിക്കുന്നതല്ലെന്നും അവർ വ്യക്തമാക്കി. പിന്നാലെ ബന്ധപ്പെട്ട ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തതായും അറിയിച്ചിട്ടുണ്ട്.
സംഭവത്തിനെതിരെ രാഷ്ട്രീയ എതിരാളികളും ശക്തമായി പ്രതികരിച്ചു. മൃഗങ്ങളോടുള്ള ക്രൂരതയും അനാവശ്യമായ ആഹ്ലാദപ്രകടനങ്ങളുമാണിതെന്ന് വിമർശനം ഉയരുന്നു.
അതേസമയം, ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർദ്ദേശം നൽകി. ആഘോഷങ്ങൾ മാന്യതയുടെ പരിധിയിൽ തന്നെ തുടരണമെന്നും, അതിരുകടക്കുന്ന പ്രവൃത്തികൾ പാർട്ടിയുടെ പ്രതിഛായയ്ക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വ്യക്തിപരമായ അധിക്ഷേപങ്ങളോ അക്രമപരമായ പ്രവൃത്തികളോ ഉണ്ടായാൽ ബന്ധപ്പെട്ടവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
