മടിയിൽ കനമില്ലെങ്കിൽ പാർട്ടിക്കാരെ ഇറക്കിവിട്ട് ED ഉദ്യോഗസ്ഥരെ ആക്രമിച്ചത് എന്തിന്?; സർക്കാരിനെതിരെ വി മുരളീധരൻ
ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ നടന്ന ഇഡി പരിശോധനയ്ക്ക് പിന്നാലെ മടങ്ങിയ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തെ വിമർശിച്ച് ബിജെപി നേതാവും എംഎൽഎയുമായ വി മുരളീധരൻ. സംഭവത്തെ ഗൗരവമുള്ളതായി വിശേഷിപ്പിച്ച അദ്ദേഹം, “മടിയിൽ കനമില്ലാത്തവർക്ക് വഴിയിൽ ഭയക്കാനില്ല”െന്ന മുൻ നിലപാട് സിപിഐഎം ഇപ്പോഴും പാലിക്കുന്നുണ്ടോയെന്ന് ചോദിച്ചു.
പരിഭ്രാന്തിയില്ലെങ്കിൽ പാർട്ടി പ്രവർത്തകരെ ഇറക്കിവിട്ട് ഇഡി ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം നടത്തേണ്ട സാഹചര്യം എന്താണെന്ന് മുരളീധരൻ ചോദിച്ചു. സിഎംആർഎൽ-വീണാ വിജയൻ സാമ്പത്തിക ഇടപാട് കേസിൽ ആരോപണങ്ങൾക്ക് വ്യക്തമായ വിശദീകരണം ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
സിപിഐഎം നേതൃത്വവും മുഖ്യമന്ത്രിയുടെ കുടുംബവും വിഷയത്തിൽ വ്യക്തത വരുത്തിയിട്ടില്ലെന്നും, അന്വേഷണ ഏജൻസികൾക്കും സമഗ്രമായ മറുപടി നൽകിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള ഇഡി കണ്ടെത്തലുകൾ ഗൗരവകരമാണെന്നും, അന്വേഷണത്തെ ആക്രമണങ്ങളിലൂടെ തടസ്സപ്പെടുത്താൻ കഴിയില്ലെന്നും മുരളീധരൻ പറഞ്ഞു.
ഇഡി പരിശോധനയ്ക്ക് പിന്നിൽ കോൺഗ്രസ്-ബിജെപി ധാരണയാണെന്ന ആരോപണവും അദ്ദേഹം തള്ളി. കേസ് ആരംഭിച്ചത് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്ക് മുൻപാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, നിയമപരമായ നടപടികളെ രാഷ്ട്രീയ ആരോപണങ്ങളിലൂടെ മറിച്ചുവിടാനാകില്ലെന്നും കൂട്ടിച്ചേർത്തു.
അതേസമയം, എൻഡിഎ നിയമസഭാ കക്ഷി നേതാവായി ബി ബി ഗോപകുമാറിനെ തെരഞ്ഞെടുത്തതിനെ സ്വാഗതം ചെയ്ത മുരളീധരൻ, പാർട്ടിയുടെ തീരുമാനങ്ങൾ സംഘടനയുടെ താൽപ്പര്യത്തെ അടിസ്ഥാനപ്പെടുത്തിയാണെന്നും വ്യക്തമാക്കി. നിയമസഭയിൽ ഏകോപിതമായ പ്രതിപക്ഷ പ്രവർത്തനമാകും ബിജെപി നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.