അട്ടപ്പാടി മധുകൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി; മറ്റ് 13 പേർ കുറ്റക്കാർ
പാലക്കാട് : അട്ടപ്പാടി മധുകൊലക്കേസിൽ ഒന്നാം പ്രതിയായ ഹുസൈനിനെ വെറുതെവിട്ട് ഹൈക്കോടതി വിധി. മറ്റ് 13 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. നേരത്തെ രണ്ട് പ്രതികളെ വെറുതെവിട്ട മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു.
ഹുസൈന്റെ അപ്പീൽ കോടതി അനുവദിച്ചപ്പോൾ മറ്റ് പ്രതികളുടെ അപ്പീലുകൾ ഹൈക്കോടതി തള്ളി. കിളിയിൽ മരക്കാർ, പുതുവാച്ചോല ഷംസുദ്ദീൻ, താഴുശ്ശേരി രാധാകൃഷ്ണൻ, പുതുച്ചോല അബൂബക്കർ, കുരുക്കൽ വീട്ടിൽ സിദ്ദീഖ്, നജീബ്, ജെയ്ജുമോൻ, സജീവ്, മുരുക്കട സതീഷ്, പെരുവിൽ വീട്ടിൽ ബിജു, മുനീർ എന്നിവരടക്കമുള്ള പ്രതികളുടെ അപ്പീലുകളാണ് തള്ളിയത്.
അതേസമയം നാലാം പ്രതി അനീഷിനെയും 11ാം പ്രതി അബ്ദുൽ കരീമിനെയും വെറുതെവിട്ട വിചാരണക്കോടതി വിധി ഹൈക്കോടതി നിലനിർത്തി.
മധുവിനെ കാട്ടിൽ നിന്ന് പിടിച്ചുകൊണ്ടുവന്ന് മുക്കാലി ടൗണിൽ നിര്‍ത്തിയ സമയത്ത് ഹുസൈൻ ചവിട്ടിയതിനെ തുടർന്നാണ് മധു വീണ് മരിച്ചതെന്നാണ് പ്രോസിക്യൂഷന്റെ വാദം. എന്നാൽ താൻ അത്തരത്തിൽ ആക്രമിച്ചിട്ടില്ലെന്നും ആൾക്കൂട്ടത്തിനിടയിൽ മാത്രമാണ് ഉണ്ടായിരുന്നതെന്നുമാണ് ഹുസൈന്റെ വാദം. ഇതിന് പിന്തുണയായ ദൃശ്യങ്ങളും ഹുസൈൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
മധുവിന്റെ അമ്മയും സഹോദരിയും നൽകിയ അപ്പീലും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ശിക്ഷാ വിധി ഇന്ന് ഉച്ചയ്ക്ക് 12.30ന് പ്രഖ്യാപിക്കുമെന്നാണ് വിവരം.
2018 ഫെബ്രുവരി 22നാണ് കേരളത്തെ നടുക്കിയ സംഭവം നടന്നത്. മാനസികാസ്വാസ്ഥ്യം അനുഭവിച്ചിരുന്ന ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ മണ്ണാർക്കാട് പ്രത്യേക കോടതി 13 പ്രതികൾക്ക് ഏഴ് വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചിരുന്നു.
