തുവ്വൂർ കമാനം റെയിൽവേ മേൽപാലത്തിലൂടെയുള്ള ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തി
നിലമ്പുർ ഓടിക്കൊണ്ടിരുന്ന നിലമ്പൂര്‍-ഷൊര്‍ണൂര്‍ മെമു ട്രെയിനിന് മീതെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു. തുവ്വൂര്‍ കമാനം മേല്‍പ്പാലത്തിന്റെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞുവീണത്.
കല്ലുകള്‍ വീണ് ട്രെയിനിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ട്രെയിന്‍ വേഗത കുറച്ച് ഓടിയിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ 3.30നാണ് സംഭവം. തുടര്‍ന്ന് 7.45 ഓടെയാണ് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചത്. ഇത് മറ്റു ട്രെയിനുകളുടെ സമയക്രമത്തേയും ബാധിച്ചു.
സംഭവത്തെ തുടര്‍ന്ന് ഒന്നര മണിക്കൂറിലധികം നിര്‍ത്തിയിട്ട മെമു പിന്നീട് നിലമ്പൂരിലേക്ക് തിരിച്ചുവിട്ടു. റെയില്‍വെയുടെ ഉന്നത ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി. അഗ്‌നിരക്ഷാസേനയും റെയില്‍വേ ഉദ്യോഗസ്ഥരും ചേര്‍ന്ന് ട്രാക്കിലെ മണ്ണ് നീക്കം ചെയ്താണ് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചത്.
റെയില്‍പാത നവീകരണത്തിന്റെ ഭാഗമായി മാസങ്ങള്‍ക്ക് മുന്‍പാണ് തുവ്വൂര്‍ കമാനം മേല്‍പ്പാലം മോടിപിടിപ്പിച്ചത്. സംരക്ഷണഭിത്തി ഉള്‍പ്പടെ കെട്ടിയായിരുന്നു നവീകരണം നടത്തിയത്. എന്നാല്‍, ദുര്‍ബലമായ സംരക്ഷണ ഭിത്തി അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.
അതേസമയം, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇരുചക്രവാഹനങ്ങൾക്ക് മാത്രമേ അനുമതി ഉണ്ടാവൂ എന്ന് റെയിൽവേ എൻജിനിയർ മലപ്പുറം ജില്ലാ കളക്ടർക്ക് അയച്ച കത്തിൽ അറിയിച്ചിട്ടുണ്ട്. നാട്ടുകാരുടെ സഹകരണം ആവശ്യപ്പെട്ട് കരുവാരകുണ്ട് സർക്കിൾ ഇൻസ്‌പെക്ടറും റെയിൽവേ എൻജിനിയറും ബന്ധപ്പെട്ടിട്ടുണ്ട്.
05.05.2026 (ഇന്ന്) അർദ്ധരാത്രി മുതൽ ആവശ്യമായ പുനരുദ്ധാരണവും ബലപ്പെടുത്തൽ ജോലികളും പൂർത്തിയാകുന്നതുവരെ കമാനം റോഡ് ഓവർ ബ്രിഡ്ജിലൂടെ മറ്റ് വാഹന ഗതാഗതം താൽക്കാലികമായി നിർത്തിവെക്കും.
