മലപ്പുറം : വയോജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സംസ്ഥാന വയോജന കമ്മീഷൻ ഒരു വർഷത്തിനകം യാഥാർത്ഥ്യമാകുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. അന്താരാഷ്ട്ര വയോജന ദിനത്തിൻറെ സംസ്ഥാനതല ഉദ്ഘാടനവും വയോ സേവന അവാർഡ് വിതരണവും തിരൂർ വാഗൺ ട്രാജഡി ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ മെച്ചപ്പെട്ട നിലവാരം പുലർത്തുന്ന കേരളത്തിൽ വയോജനങ്ങളുടെ ജീവിതനിലവാരം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മെച്ചപെട്ടതാണെന്ന് മന്ത്രി പറഞ്ഞു. വയോജനങ്ങൾക്ക് അന്തസ്സുള്ള ജീവിതം ഉറപ്പു നൽകുക എന്നത് സമൂഹത്തിന്റെയും സർക്കാരിന്റെയും ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു.
സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്റർ, മുൻ എം.എൽ.എ കൂടിയായ എം.ജെ ജേക്കബ്, വേണു ജി, കെ വാസന്തി, രാമചന്ദ്ര പുലവർ എന്നിവരെ വയോസേവന പുരസ്കാരം നൽകി മന്ത്രി ചടങ്ങിൽ ആദരിച്ചു.
ന്യൂനപക്ഷ ക്ഷേമ, കായിക ,വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി,
കുറുക്കോളി മൊയ്തീൻ എം.എൽ.എ, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ എച്ച് ദിനേശൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ റഫീഖ, വൈസ് പ്രസിഡണ്ട് ഇസ്മായിൽ മൂത്തേടം, തിരൂർ നഗരസഭ ചെയർപേഴ്സൺ എം.പി നസീമ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. യു. സൈനുദ്ദീൻ, സംസ്ഥാന വയോജന കൗൺസിൽ കൺവീനർ അമരവിള രാമകൃഷ്ണൻ, അസി. കലക്ടർ വി.എം ആര്യ, തിരൂർ മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. എസ് ഗിരീഷ് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ അബ്ദുൽസലാം, ജില്ലാ സാമൂഹ്യനീതി ഓഫീസർ സി.കെ ഷീബ മുംതാസ് തുടങ്ങിയവർ പ്രസംഗിച്ചു.
ഉദ്ഘാടന ചടങ്ങിനു ശേഷം വയോജനങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.