തിരുവനന്തപുരം : സംസ്ഥാനത്ത് കുട്ടികളില്‍ മുണ്ടിനീര് (മംപ്‌സ്) രോഗം വ്യാപകമാകുന്നു. ഈ വര്‍ഷം മാത്രം സർക്കാർ ആശുപത്രികളില്‍ മാത്രം 15,000 കേസുകള്‍ (ഓഗസ്റ്റ്‌വരെ) റിപ്പോര്‍ട്ട് ചെയ്തു. ദിനംപ്രതിയുള്ള കേസുകളുടെ എണ്ണത്തിലും വർധനയുണ്ട്.
ദേശീയ പ്രതിരോധകുത്തിവയ്പ് പദ്ധതിപ്രകാരം ഏഴു വർഷത്തോളമായി സർക്കാർ ആശുപത്രികളില്‍ മുണ്ടിനീരിനു വാക്‌സിന്‍ നല്‍കുന്നില്ല. 2016-2017 കാലയളവിനുശേഷം ജനിച്ച കുട്ടികള്‍ക്ക് എംഎംആര്‍ (മംപ്‌സ്, മീസില്‍സ്, റുബല്ല) വാക്‌സിന് പകരം ഇപ്പോള്‍ എംആര്‍ വാക്‌സിനാണു (മീസില്‍സ്, റുബല്ല) സര്‍ക്കാര്‍ സംവിധാനം വഴി നല്‍കുന്നത്. ഇതില്‍ മുണ്ടിനീരിനുള്ള വാക്സിൻ (മംപ്സ്) ഒഴിവാക്കി. പ്രതിരോധ കുത്തിവയ്പ് കിട്ടാത്തതാണ് പകര്‍ച്ചവ്യാധി വ്യാപനത്തിന്നു കാരണമെന്നാണു ഡോക്ടർമാർ പറയുന്നത്. വാക്സിൻ പുനഃസ്ഥാപിക്കണമെന്നാണു ഡോക്ടർമാരുടെ ആവശ്യം.
ദിനംപ്രതി മുണ്ടിനീരുമായി ബന്ധപ്പെട്ട് പത്തു കേസുകളെങ്കിലും വരുന്നുണ്ടെന്നും 2017നു ശേഷം ജനിച്ച കുട്ടികളിലാണു മുണ്ടിനീര് കൂടുതലായും കണ്ടുവരുന്നതെന്നും ശിശുരോഗ വിദഗ്ധർ പറഞ്ഞു. സർക്കാർ വാക്സിനേഷൻ നിർത്തലാക്കിയ കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. സ്വകാര്യആശുപത്രികളില്‍ വാക്സിൻ ലഭ്യമാണ്.