തവനൂർ: തിരുനാവായയെയും തവനൂരിനെയും ബന്ധിപ്പിച്ച് ഭാരതപ്പുഴയ്ക്കുകുറുകേ പണിയുന്ന പാലത്തിന്റെ നിർമാണം 2025 അവസാനത്തോടെ പൂർത്തിയാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പാലത്തിന്റെ നിർമാണോദ്ഘാടനം തവനൂരിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് നേരിട്ട് ഓരോ മാസവും പാലത്തിന്റെ നിർമാണപുരോഗതി വിലയിരുത്തുമെന്നും മന്ത്രി അറിയിച്ചു. പുതിയ സാങ്കേതികവിദ്യയായ അൾട്രാ ഹൈ പെർഫോമൻസ് ഫൈബർ റീ എൻഫോഴ്സ്ഡ് കോൺക്രീറ്റ് ടെക്‌നോളജി ഉപയോഗിച്ചാണ് പാലം നിർമിക്കുന്നതെന്നും അഞ്ചുവർഷംകൊണ്ട് 150 പാലങ്ങൾ എന്ന ലക്ഷ്യം പൂർത്തീകരിക്കാനാണ് സർക്കാർ ശ്രമമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഭാരതപ്പുഴയുടെ ഇരുകരകളിലുമുള്ളവരുടെ ഏറെക്കാലത്തെ സ്വപ്‌നമാണ് യാഥാർഥ്യത്തിലേക്ക് അടുക്കുന്നത്. തവനൂരിൽ നടക്കുന്ന തിരുനാവായ സർവോദയമേളയുടെ ഭാഗമായി നിർമിക്കുന്ന താത്കാലിക നടപ്പാലമാണ് ഇരുകരകളെയും ബന്ധിപ്പിച്ചിരുന്നത്. പുഴയുടെ മറുകര കടക്കാൻ സ്ഥിരംസംവിധാനം വേണമെന്നത് മേള തുടങ്ങിയ കാലംമുതലുള്ള ആവശ്യമായിരുന്നു. 48.83 കോടി രൂപയ്ക്ക് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ടെൻഡർ എടുത്ത് കരാർവെച്ചിട്ടുള്ളത്. 820 മീറ്ററാണ് പാലത്തിന്റെ നീളം. 380 മീറ്റർ സമീപന റോഡുമുണ്ടാകും. പാലത്തിന്റെ വീതി 11 മീറ്ററാണ്. കേരള റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡിവലപ്പ്‌മെന്റ് കോർപ്പറേഷനാണ് നിർമാണച്ചുമതല.
തവനൂർ പാപ്പിനിക്കാവ് മൈതാനിയിൽ നടന്ന നിർമാണോദ്ഘാടനച്ചടങ്ങിൽ ഡോ. കെ.ടി. ജലീൽ എം.എൽ.എ. അധ്യക്ഷതവഹിച്ചു. കുറുക്കോളി മൊയ്തീൻ എം.എൽ.എ. മുഖ്യാതിഥിയായി. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ, തവനൂർ പഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദീൻ, തിരുനാവായ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ ആയപ്പള്ളി, ടി.വി. ശിവദാസ്, കെ. ഷീജ, കെ. ലിഷ, സോളമൻ വിക്ടർ ദാസ്, ചുള്ളിയിൽ രവീന്ദ്രൻ, കെ.എൻ. ഉദയൻ, കെ.കെ. അബ്ദുൾ ലത്തീഫ്, ആർ.ബി.ഡി.സി.കെ. ജനറൽ മാനേജർ ടി.എസ്. സിന്ധു, ഡെപ്യൂട്ടി ജനറൽ മാനേജർ എ.എ. അബ്ദുൾസലാം തുടങ്ങിയവർ പ്രസംഗിച്ചു.
