താനൂർ :സംസ്ഥാന അധ്യാപക അവാർഡ് നിറവിൽ സുരേഷ് കാട്ടിലങ്ങാടി . ഹൈസ്കൂൾ വിഭാഗത്തിലാണ് താനൂർ സ്വദേശിയും കാട്ടിലങ്ങാടി ഹൈസ്കൂളിലെ ചിത്രകലാ അധ്യാപകനായ ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.
ചിത്രകലയിലെ മികവുകൾക്കൊപ്പം
പഠനാനുബന്ധ മേഖലയിലെ സജീവമായ ഇടപെടലുകളാണ് അംഗീകാരത്തിന് അർഹമാക്കിയത്.
അധ്യാപക ജീവിതത്തിന് കണ്ണൂർ ജില്ലയിൽ തുടക്കം കുറിച്ച സുരേഷ് 11 വർഷങ്ങൾക്ക് ശേഷം പഠിച്ച സ്കൂളിൽ തന്നെ അധ്യാപകനായി എത്തുകയായിരുന്നു.
ചിത്രകലയെ ഇതര വിഷയങ്ങളിൽ സന്നിവേശിപ്പിച്ചു കൊണ്ടുള്ള പഠനരീതിയാണ് പ്രധാനമായും അവലംബിച്ചിരുന്നത്.
വേറിട്ട പരിപാടികളാൽ ദിനാചരണ പ്രവർത്തനങ്ങള സമ്പുഷ്ടമാക്കാൻ ഈ അധ്യാപകനു കഴിഞ്ഞു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട കുട്ടികളെക്കൊണ്ട് തയ്യാറാക്കിക്കുന്ന പോസ്റ്ററുകളും, സന്ദേശങ്ങളും ചിത്രങ്ങളും ഉൾപ്പെടുത്തി സ്വന്തമായി തയ്യാറാക്കുന്ന പോസ്റ്ററുകളും അധ്യാപക കൂട്ടായ്മകളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതിൻ്റെ തുടർച്ചയായി വിശേഷ പ്രാധാന്യമുള്ള വിഷയങ്ങൾ ലഘു കുറിപ്പ് ചിത്രങ്ങളുൾപ്പെടുത്തി പി.ഡി.എഫ് ഇ ബുക്കുകളാക്കിയത് വിദ്യാഭ്യാസ ബ്ലോഗുകളിലും സാമൂഹ്യ മാധ്യമങ്ങളിലുമായി മികച്ച രീതിയിൽ വിനിമയം ചെയ്യപ്പെട്ടിരുന്നു. ചാന്ദ്രയാത്ര, ബഷീർ കഥാപാത്രങ്ങൾ, സ്വാതന്ത്ര്യ സമരഘട്ടങ്ങൾ, ദേശപ്പെരുമകൾ തുടങ്ങി നാൽപതോളം പി ഡി എഫ് ഇ ബുക്കുകൾ ഇത്തരത്തിൽ തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ മിക്കതിൻ്റേയും പ്രിൻ്റുകൾ മറ്റു വിദ്യാലയങ്ങളും ഉപയോഗപ്പെടുത്തിയിരുന്നു
കുട്ടികളിലെ കലാ സാഹിത്യ അഭിരുചി രേഖാപരമായ അവതരിപ്പിക്കുന്നതിൻ്റെ ഭാഗമായി ഓരോ കുട്ടിയെ കൊണ്ടും സ്വന്തമായി ഓരോ പതിപ്പ് പദ്ധതി, ക്ലാസ്സ് തല എഴുത്തു മാസിക എന്നിവക്ക് നേതൃത്വം നൽകി.
ഇത്തരം പരിശീലനങ്ങൾ ശാസ്ത്രമേളകളിൽ ശാസ്ത്ര, ഗണിത ശാസ്ത്ര മാസികകൾക്ക് സംസ്ഥാന തലത്തിൽ സ്കൂളിന് അംഗീകാരങ്ങൾ നേടിക്കൊടുത്തു. സ്കൂൾ പ്രവർത്തനങ്ങളും കുട്ടികളുടെ രചനകളും ചേർത്ത് സ്കൂൾ പത്രങ്ങൾ,ഓരോ വർഷവും മികവുകൾ ചേർത്തൊരുക്കിയുള്ള ഡിജിറ്റൽ പ്രിൻ്റ് ആൽബം എന്നിവ തയ്യാറാക്കിയിരുന്നു.
കലാ ആഭിമുഖ്യമുള്ള കുട്ടികൾക്കായി ചിത്രപ്പുര കലാവേദിയുടെ ആഭിമുഖ്യത്തിൽ വൈകീട്ട് പ്രത്യേക പരിശീലനം,സ്കൂളിൽ നടന്ന പഠന പരിപോഷണ പരിപാടി, ഇൻക്ലുസീവ് എഡ്യുക്കേഷൻ, സ്പിക്ക്മാക്ക
കലാശിൽപശാല തുടങ്ങിയവയ്ക്കും നേതൃത്വം നൽകി.
ചിത്രകലയുടെ സ്‌റ്റേറ്റ് റിസോഴ്സ് അധ്യാപകനാ യിരുന്ന സുരേഷ് കലാപഠനത്തിൻ്റെ ഉത്തരസൂചിക തയ്യാറാക്കാറുണ്ട്. പാഠ്യ പദ്ധതി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് ഒമ്പതാം തരം ഹിന്ദി പാഠത്തിന് ചിത്രങ്ങൾ വരച്ചിരുന്നു. വിദ്യാരംഗം സംസ്ഥാന ക്യാമ്പുകളിലടക്കം കല, അക്ഷരമെഴുത്ത്, പോസ്റ്റർ രചന, എഴുത്തു മാസിക തുടങ്ങിയവയുടെ നിരവധി ക്ലാസ്സുകൾ നയിച്ചിട്ടുണ്ട്. പത്രങ്ങളിലെ വിദ്യാഭ്യാസ കോളങ്ങളിൽ പഠനാനുബന്ധ വിഷയങ്ങളിൽ എഴുതാറുണ്ട്. പഠനത്തിനൊപ്പം എന്നൊരു ലേഖന സമാഹാരവും ആനുകാലികങ്ങളിൽ 30 ലധികം കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗാന്ധിയുടെ ജീവിതഘട്ടങ്ങൾ ചിത്രങ്ങളാക്കിയ സമൂഹ രചനക്ക് വേൾഡ് വൈഡ് റിക്കാർഡ് ലഭിച്ചു. ഗുരുശ്രഷ്ഠ, ശ്രേഷ്ഠാചാര്യ അവാർഡുകളും ഇദ്ദേഹത്തെ തേടിയെത്തി. "നാരായം" വീട്ടിൽ ചിലമ്പൻ നാരായണൻ, ലീല എന്നിവരുടെ മകനാണ്. ഭാര്യ ഷൈജ. ചെന്നൈയിൽ ഐ.ടി മേഖലയിൽ പ്രവർത്തിക്കുന്ന സോനു, എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ നിഖിൽ എന്നിവർ മക്കളാണ്.
അധ്യാപക ദിനവുമായി ബന്ധപ്പെട്ട് സെപ്തംബർ 5 ന് പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി ഗവ.ഹൈസ്കൂളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മന്ത്രി വീണാ ജോർജ്ജ് സമ്മാനദാനം നിർവ്വഹിക്കും.
