തിരൂർ : നഗരത്തിൽ പ്രവർത്തിച്ചിരുന്ന മസാജ് സെന്ററിനെ ചുറ്റിപ്പറ്റിയുള്ള ബ്ലാക്ക്മെയിൽ കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തിലെത്തിയ യുവാവിനെ ഭീഷണിപ്പെടുത്തി പണവും സ്വർണവും കൈക്കലാക്കിയെന്നാണ് കേസ്.
തിരുവനന്തപുരം സ്വദേശിയായ സ്ഥാപന ഉടമ സൗദിനെയും സെന്ററിൽ ജോലി ചെയ്തിരുന്ന രണ്ട് സ്ത്രീകളെയും തിരൂർ പൊലീസ് പിടികൂടി.
യുവാവിനെ മർദ്ദിച്ച ശേഷം വിവസ്ത്രനാക്കി ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ യുവാവിൽ നിന്ന് 28,500 രൂപ, സ്വർണ മാല, ബൈക്ക് എന്നിവ സംഘം കൈക്കലാക്കിയെന്നാണ് പരാതി. തുടർന്ന് ചിത്രങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് കൂടുതൽ പണം ആവശ്യപ്പെട്ടതോടെ യുവാവ് പൊലീസിനെ സമീപിക്കുകയായിരുന്നു.
അന്വേഷണത്തിൽ മുഖ്യപ്രതിക്കെതിരെ നേരത്തെയും നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
