മുതിര്‍ന്ന സിപിഐ നേതാവ് കെ കെ ശിവരാമന്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടി ചുമതലകളില്‍ നിന്നും നീക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 56 വര്‍ഷത്തെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
“തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഘടകങ്ങളില്‍ നിന്നും നീക്കം ചെയ്തതായി പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവന കണ്ടു. എന്നാല്‍ രേഖാമൂലം ഇതുവരെ അറിയിച്ചിട്ടില്ല. 56 വര്‍ഷം നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്,” എന്ന് കെ കെ ശിവരാമന്‍ വ്യക്തമാക്കി.
പാര്‍ട്ടി അംഗത്വത്തില്‍ തുടരാനുള്ള ഔദാര്യം നേതൃത്വം കാണിച്ചിട്ടുണ്ടെങ്കിലും, നിലവിലെ നേതൃത്വത്തിനുകീഴില്‍ അംഗമായി തുടരുന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ പ്രചാരണങ്ങള്‍ അവാസ്തവമാണെന്നും പീരുമേട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം സ്ഥാനാര്‍ഥി തന്നെയാണെന്നും ശിവരാമന്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് പരസ്യ വിമര്‍ശനത്തിന്റെ പേരില്‍ കെ കെ ശിവരാമനെ സിപിഐ ജില്ലാ എക്‌സിക്യൂട്ടീവിലും ജില്ലാ കൗണ്‍സിലിലും നിന്നു നീക്കിയത്. പീരുമേട് മണ്ഡലത്തിലെ പാര്‍ട്ടിയുടെ തോല്‍വിയെ തുടര്‍ന്ന് നടത്തിയ പ്രതികരണമാണ് നടപടിക്ക് വഴിവെച്ചത്.
പീരുമേട്ടില്‍ മത്സരിപ്പിച്ച സ്ഥാനാര്‍ഥിത്വം പാളിയെന്നും മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെ മത്സരിപ്പിക്കുമ്പോള്‍ ജനസ്വീകാര്യത ഉറപ്പാക്കേണ്ടതുണ്ടെന്നും ശിവരാമന്‍ നേരത്തെ പറഞ്ഞിരുന്നു. സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാറായിരുന്നു പീരുമേട്ടിലെ സ്ഥാനാര്‍ഥി. ഈ പരാമര്‍ശം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് ജില്ലാ കൗണ്‍സില്‍ വിലയിരുത്തിയിരുന്നു.
