ഗതാഗത നിരോധനം വകവെച്ചില്ല: ദേശീയപാതയിലെ അടിപ്പാതയിലേക്ക് കാർ വീണു; ഡ്രൈവർ അറസ്റ്റിൽ
കണ്ണൂർ: നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ദേശീയപാത 66-ൽ ഗതാഗത നിരോധനം ലംഘിച്ച് വാഹനമോടിച്ച ഡ്രൈവറുടെ കാർ അടിപ്പാതയിലേക്ക് വീണു. തലശ്ശേരി-കണ്ണൂർ റൂട്ടിൽ ചാല അമ്പലത്തിന് സമീപമാണ് അപകടം. അപകടത്തിൽപ്പെട്ട ഡ്രൈവറെ നാട്ടുകാർ രക്ഷപ്പെടുത്തി.
മേൽപ്പാലത്തിന്റെ പണി പൂർത്തിയാക്കാത്ത ഭാഗത്താണ് ഇന്നലെ രാത്രിയോടെ കാർ താഴേക്ക് പതിച്ചത്. മേൽപ്പാലത്തിന്റെ ഇരുഭാഗങ്ങളും കൂട്ടിയോജിപ്പിക്കുന്ന ജോലികൾ നടക്കുന്ന ഈ ഭാഗത്ത് ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ടില്ലായിരുന്നു. ഈ മുന്നറിയിപ്പുകൾ അവഗണിച്ചാണ് ഡ്രൈവർ കാറോടിച്ചത്.
അപകടത്തെ തുടർന്ന് കാറിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ, വിവരമറിഞ്ഞെത്തിയ നാട്ടുകാർ ഏണിവെച്ച് കയറിയാണ് സാഹസികമായി പുറത്തെടുത്തത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് സംശയിക്കുന്നതായി ദൃക്‌സാക്ഷികൾ അറിയിച്ചു.
സംഭവത്തിൽ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. അഗ്നിരക്ഷാസേന ക്രെയിൻ ഉപയോഗിച്ച് അപകടത്തിൽപ്പെട്ട കാർ മുകളിലേക്ക് വലിച്ചു കയറ്റി.