കോട്ടക്കലിൽ കഞ്ചാവ് മൊത്തവ്യാപാരി പിടിയിൽ; സ്കൂൾ ബസ് ഡ്രൈവറുടെ വീട്ടിൽ 16 കിലോ കഞ്ചാവും 20 ലക്ഷം രൂപയും പിടിച്ചെടുത്തു
കോട്ടക്കൽ: കുറ്റിപ്പുറം എക്സൈസ് സംഘം കോട്ടക്കൽ ടൗണിലും പരിസരത്തും നടത്തിയ മിന്നൽ പരിശോധനയിൽ വൻ കഞ്ചാവ് ശേഖരവുമായി ഒരാൾ അറസ്റ്റിലായി. കോട്ടക്കലിലെ ഒരു സ്കൂളിലെ ബസ് ഡ്രൈവറായ ഇയാളുടെ വീട്ടിൽ നിന്നും വാഹനങ്ങളിൽ നിന്നുമായി 16.63 കിലോഗ്രാം കഞ്ചാവും 20 ലക്ഷത്തിലധികം രൂപയും (20,88,500) പിടിച്ചെടുത്തു.
കോട്ടക്കൽ ഔഷധി റോഡ് സ്വദേശി സഫീർ (34) ആണ് പിടിയിലായത്. കോട്ടക്കലിലും പരിസര പ്രദേശങ്ങളിലും ഇയാൾ വർഷങ്ങളായി കഞ്ചാവ് മൊത്തമായും ചില്ലറയായും കച്ചവടം നടത്തിവരികയായിരുന്നു.
ചങ്കുവെട്ടി കോട്ടക്കൽ റോഡിൽ എക്സൈസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെയാണ് കഞ്ചാവ് കടത്തിക്കൊണ്ടുപോവുകയായിരുന്ന സഫീർ പിടിയിലാകുന്നത്. എക്സൈസ് സംഘത്തെ കണ്ട് ബൈക്കിൽ നിന്നിറങ്ങി ഓടിയ പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് പിടികൂടിയത്. ഇയാളിൽ നിന്ന് 5.100 കിലോഗ്രാം കഞ്ചാവും 6,310 രൂപയും കണ്ടെത്തി.
പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ എക്സൈസ് സംഘം നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് വീട്ടിലെ കഞ്ചാവ് ശേഖരത്തെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ റെയ്ഡിൽ സഫീറിൻ്റെ കിടപ്പുമുറിയിൽ ഒളിപ്പിച്ച നിലയിൽ 11.503 കിലോഗ്രാം കഞ്ചാവും കണക്കിൽപ്പെടാത്ത ₹20,88,500 ലക്ഷം രൂപയും കണ്ടെടുത്തു. ഇയാളുടെ ഉടമസ്ഥതയിലുള്ള രണ്ട് ബൈക്കുകളും എക്സൈസ് പിടിച്ചെടുത്തു.
കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ പി.എം അഖിലിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.