കോട്ടക്കലിൽ കോൺഗ്രസ് സീറ്റിൽ ലീഗ് വിമത സ്ഥാനാർഥി
കോട്ടക്കൽ കോൺഗ്രസിന് അനുവദിച്ച സീറ്റിൽ വിമത സ്ഥാനാർഥിയായി മത്സരിക്കുന്നത് മുസ്ലിംലീഗ് നേതാവ്. കോട്ടക്കൽ നഗരസഭ വാർഡ് 32 ആയ ഗാന്ധിനഗറിലാണ് മുൻ കൗൺസിലർ കൂടിയായ മങ്ങാടൻ അബ്ദുല്ലക്കുട്ടി പ്രചാരണമാരംഭിച്ചിരിക്കുന്നത്. നിലവിൽ കോട്ടക്കളം വാർഡ് ലീഗ് ജനറൽ സെക്രട്ടറിയാണ്. 2015-‘20 ഭരണ സമിതിയിൽ കൗൺസിലറായിരുന്നു. നിലവിലെ ഭരണസമിതിയിൽ സഹോദര ഭാര്യയാണ് കൗൺസിലർ സ്ഥാനത്തുള്ളത്. യു.ഡി.എഫ് ഉഭയകക്ഷി പ്രകാരം എട്ടുവാർഡാണ് കോൺഗ്രസിന് അനുവദിച്ചിട്ടുള്ളത്.കോൺഗ്രസ് സ്ഥാനാർഥിയായി മത്സര രംഗത്തുള്ളത് മങ്ങാടൻ മരക്കാർ എന്ന ബാപ്പുട്ടിയാണ്. ഇരുവരും ബന്ധുക്കളാണ്.
അതേ സമയം യു.ഡി.എഫ് സ്ഥാനാർഥി നിർണയം പൂർത്തിയാകും മുമ്പെ ലീഗ് വിമത സ്ഥാനാർഥിയെത്തിയത് പാർട്ടിയെ വെട്ടിലാക്കി. വാർഡ് ലീഗ് നേതൃത്വമാകട്ടെ അബ്ദുല്ലക്കുട്ടി മത്സരിക്കണമെന്ന വികാരമാണ്. മാത്രമല്ല ലീഗ് കോട്ടയാണിതെന്നും അവർ അവകാശപ്പെടുന്നു. വാർഡ് വിഭജിച്ചതോടെയാണ് കോട്ടക്കുളം ഗാന്ധി നഗറായത്.സി.പി.എം ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.യു.ഡി.എഫിലെ ആശയക്കുഴപ്പം മുതലാക്കാനുള്ള നീക്കവും അണിയറയിൽ നടക്കുന്നുണ്ട്. സ്വയം പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണം ശക്തമാക്കിയ ഇവിടെ ശക്തി തെളിയിക്കാൻ ഞായറാഴ്ച കൺവെൻഷൻ നടക്കും.