മലപ്പുറം കായിക മേഖലയില്‍ മലപ്പുറത്തിന്റെ മുന്നേറ്റത്തിന് കരുത്തേകി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന് പുതിയ ആസ്ഥാന മന്ദിരം വരുന്നു. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഓണ്‍ലൈനായി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. ആദ്യഘട്ടത്തില്‍ 1.6 കോടി രൂപ ചെലവില്‍ 3048 സ്‌ക്വയര്‍ ഫീറ്റിലാണ് പുതിയ മന്ദിരം നിര്‍മ്മിക്കുക.
പുതിയ കെട്ടിടം കായിക കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും ജില്ലയുടെ കായിക മേഖലയില്‍ ഒരു കയ്യൊപ്പ് ചാര്‍ത്തുന്നതിനും സഹായിക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സ്പോര്‍ട്സ് രംഗത്ത് വലിയ മാറ്റങ്ങളാണ് നടക്കുന്നതെന്നും ക്രിക്കറ്റ്, ഫുട്ബോള്‍ എന്നിവയ്‌ക്കൊപ്പം മറ്റ് കായിക ഇനങ്ങളിലും മികവുറ്റ കായിക പ്രതിഭകള്‍ വളര്‍ന്നു വരുന്നതായും അദ്ദേഹം പറഞ്ഞു. ഈ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ മികച്ച രീതിയില്‍ ഒരുക്കുന്നതിനും പുതിയ ആസ്ഥാന മന്ദിരം സഹായകരമാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി.
സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന നിലവിലെ സ്പോര്‍ട്സ് കൗണ്‍സില്‍ കെട്ടിടം നില്‍ക്കുന്ന സ്ഥലത്താണ് പുതിയ മന്ദിരം ഉയരുന്നത്. ഒന്നാം ഘട്ടത്തില്‍ 1.6 കോടി രൂപ ചെലവില്‍ 3048 സ്‌ക്വയര്‍ ഫീറ്റിലാണ് പുതിയ ആസ്ഥാനമന്ദിരം നിര്‍മിക്കുന്നത്. ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുന്ന ഗ്രൗണ്ട് ഫ്‌ളോറില്‍ ഓഫീസ് റൂം, സെക്രട്ടറി, പ്രസിഡന്റ് റൂമുകള്‍, സ്റ്റോര്‍ റൂം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ആവശ്യമായ ഫര്‍ണിച്ചറും ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കും.
രണ്ടാംഘട്ടത്തില്‍ ഒന്നാം നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് വിഭാവനം ചെയ്യുന്നത്.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് വി.പി. അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു, സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി വിശിഷ്ടാതിഥിയായി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് എം.കെ. റഫീഖ, സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം എ. ശ്രീകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ.പി.എ ശരീഫ്, എം.എസ്.പി അസിസ്റ്റന്റ് കമാന്‍ഡന്റ് യു. അബ്ദുല്‍ കരീം, സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. മനോഹര കുമാര്‍, സി. സുരേഷ്, കെ.എന്‍. നാസര്‍, കെ. വത്സല, ഹൃഷികേഷ് കുമാര്‍, സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എ.പി.എം മുഹമ്മദ് അഷറഫ്, സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി വി. ആര്‍. അര്‍ജുന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.