മഞ്ചേരി : മയക്കുമരുന്നു സഹിതം പോലീസിന്‍റെ പിടിയിലായ യുവാവിന് പത്തു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പേരശന്നൂർ പാണ്ടികശാല കൈപ്പള്ളി മുബഷിർ (29) നെയാണ് മഞ്ചേരി എൻഡിപിഎസ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറു മാസത്തെ അധിക തടവ് അനുഭവിക്കണം. രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ 2022 നവംബർ 24ന് രാത്രിയിൽ പെരിന്തല്‍മണ്ണ സബ് ഇൻസ്പെക്ടറായിരുന്ന എ എം യാസിറാണ് പൊന്ന്യാംകുർശി ബൈപ്പാസ് റോഡില്‍ വച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയില്‍ നിന്ന് 65 ഗ്രാം എംഡിഎംഎയും പോലീസ് കണ്ടെടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിക്ക് നാളിതു വരെ ജാമ്യം ലഭിച്ചിരുന്നില്ല. പെരിന്തല്‍മണ്ണ പോലീസ് ഇൻസ്പെക്ടറായിരുന്ന സി. അലവിയാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. സുരേഷ് 11 സാക്ഷികളെ കോടതി മുന്പാകെ വിസ്തരിച്ചു.
29 രേഖകളും ഏഴ് തൊണ്ടി മുതലുകളും ഹാജരാക്കി. എസ്‌ഐ സുരേഷ് ബാബുവായിരുന്നു പ്രോസിക്യൂഷൻ അസിസ്റ്റ് ലൈസണ്‍ ഓഫീസർ. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂർ സെൻട്രല്‍ ജയിലിലേക്ക് അയച്ചു.