മലപ്പുറം: ജില്ലയിലെ പ്രമുഖ മെഡിക്കല്‍ സെന്ററിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് മെഡിക്കല്‍ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിർമിച്ച കേസില്‍ പ്രധാന പ്രതികളിലൊരാളെ മുംബൈയില്‍ അറസ്റ്റ് ചയ്തു.
മുംബൈ ഗോവണ്ടി ശിവാജി നഗർ സ്വദേശി മുഹമ്മദ് ഫാഹിം മെഹമൂദ് ഷെയ്ഖിനെയാണ് (42) മലപ്പുറം സൈബർ പൊലീസ് പിടികൂടിയത്. ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം സൈബർ ക്രൈം സ്റ്റേഷൻ ഇൻസ്‌പെക്ടർ ഐ.സി. ചിത്തരഞ്ജന്റെ നേതൃത്വത്തില്‍ സൈബർ ടീം അംഗങ്ങളായ എസ്.ഐ അബ്ദുല്‍ ലത്തീഫ്, എ.എസ്.ഐമാരായ റിയാസ് ബാബു, അനീഷ് കുമാർ, സി.പി.ഒ രാഹുല്‍ എന്നിവരാണ് ഗോവണ്ടിയിലെത്തി പ്രതികളെ പിടികൂടിയത്.
വ്യാജ മെഡിക്കല്‍ സർട്ടിഫിക്കറ്റ് കൈ പ്പറ്റിയ അജയിനെയും സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നല്‍കിയ ട്രാവല്‍ ഏജൻറായ നരേഷിനെയും രാജസ്ഥാനില്‍നിന്ന് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് പഞ്ചാബിലെ മലർകോട്ടയില്‍നിന്ന് വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കാൻ സഹായിച്ച മറ്റൊരു ഏജന്റിനെയും പിടികൂടിയിരുന്നു.