അബ്ദുൽ റഹീമിന്‍റെ കേസ് ഇന്ന് വീണ്ടും പരിഗണിക്കും

Malabar One  Desk

ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കുടുംബം

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്‍റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മണിക്കാണ് കേസ് പരിഗണിക്കുക. കേസ് പരിഗണിക്കുമ്പോൾ ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുറഹീമും കുടുംബവും നിയമ സഹായ സമിതിയും.


 ഈ മാസം പന്ത്രണ്ടിന് കേസ് പരിഗണിച്ച കോടതി സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേസ് നീട്ടി വെയ്ക്കുകയായിരുന്നു.ദിയാധനം കൈപ്പറ്റി മാപ്പ് നൽകാൻ മരിച്ച സൗദി ബാലൻ അനസ് അൽ ശാഹിരിയുടെ കുടുംബം തയ്യാറായതോടെയാണ് പതിനെട്ട് വർഷത്തെ ജയിൽവാസത്തിനൊടുവിൽ കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനത്തിന് വഴി തെളിഞ്ഞത്. ആവശ്യപ്പെട്ട 34 കോടി രൂപ ദിയാധനം നൽകിയതോടെ കുടുംബത്തിന്റെ സമ്മതപ്രകാരം ജുലൈ രണ്ടിന് കോടതി വധശിക്ഷ റദ്ദാക്കി.
തുടർന്ന് മൂന്ന് തവണ മോചന ഹർജിയിൽ വിധി പറയാൻ കോടതി ചേർന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. 


പബ്ലിക് റൈറ്റ്സ് പ്രകാരമുള്ള നടപടിക്രമങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി പബ്ലിക് പ്രോസിക്യൂഷനും റഹീമിന്റെ അഭിഭാഷകനും അവരവരുടെ വാദങ്ങൾ വീണ്ടും കോടതിക്ക് മുന്നിൽ അവതരിപ്പിച്ചു. കേസിൽ 18 വർഷത്തെ തടവ് റഹീം അനുഭവിച്ചുകഴിഞ്ഞെന്ന് വിചാരണവേളയിൽ റഹീമിന്റെ അഭിഭാഷകർ ചൂണ്ടിക്കാണിച്ചിരുന്നു.
കുടുംബം മാപ്പ് നൽകിയതിനൊപ്പം ഇക്കാര്യം കൂടി കണക്കിലെടുത്ത് മോചന ഉത്തരവ് നൽകുമെന്നാണ് പ്രതീക്ഷ.


 അനുകൂല വിധിയുണ്ടായാൽ മോചന ഉത്തരവിന്റെ പകർപ്പ് ഗവർണറേറ്റിലേക്കും ജയിലിലേക്കും കോടതി കൈമാറും. അതിനുശേഷം ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള പാസ്പോർട്ട് വിഭാഗമായ ജവാസാത്ത് ഫൈനൽ എക്സിറ്റ് നടപടികൾ പൂർത്തിയാക്കും. തുടര്ന്ന് ഇന്ത്യൻ എംബസി യാത്രാരേഖകൾ കൈമാറുന്നതോടെ റഹീമിന് ജയിൽ മോചിതനായി രാജ്യം വിടാനാകും.



3/related/default