ഇലക്ട്രിക്ക് ജോലിക്കെത്തി സ്വർണ്ണമാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ
തിരൂർ: വൈരങ്കോട് സ്വദേശിയുടെ വീട്ടിൽ ഫാൻ റിപ്പയറിങ്ങിനു വന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ച് പവൻ തൂക്കമുള്ള സ്വർണ്ണമാല മോഷ്ടിച്ച കേസിൽ പല്ലാർ സ്വദേശിയായ കൊട്ടാരത്ത് മൂസക്കുട്ടിയെ (56) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒക്ടോബർ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൈകുന്നേരം ഫാൻ നന്നാക്കുന്നതിനായി പ്രതിയെ വീട്ടിലേക്ക് വിളിച്ച സമയം അലമാരയിൽ സൂക്ഷിച്ചിരുന്ന മാല മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. പിന്നീട് വീട്ടുകാർ അലമാര പരിശോധിച്ചപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഉടൻ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞദിവസം രാത്രിയിൽ കുറ്റിപ്പുറം ഭാഗത്ത് വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു. തിരൂർ ഡി.വൈ.എസ്.പി ഇ. ബാലകൃഷ്ണന്റെ നിർദ്ദേശത്തെ തുടർന്ന് തിരൂർ സി.ഐ കെ.ജെ ജിനേഷ്, എസ്.ഐ ആർ.പി സുജിത്ത്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഷാജു, സീനിയർ സിവിൽ പൊലീസ് ഓഫീസറായ വി.പി രതീഷ്, സി.പി.ഒമാരായ നിതീഷ്, ധനീഷ് കുമാർ, സതീഷ് എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.