മുഴുവൻ ജനങ്ങളും മാലിന്യമുക്ത ജനകീയ ക്യാമ്പയിന്റെ ഭാഗമാകണം- മന്ത്രി വി അബ്ദുറഹ്മാൻ

Malabar One  Desk

മലപ്പുറം :  നാടിൻ്റെ ശുചിത്വവും ഹരിത ഭംഗിയും സംരക്ഷിക്കുന്നതിനായി മുഴുവൻ ജനങ്ങളും സംസ്ഥാന സർക്കാറിന്റെ മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമാകണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിന് നേതൃപരമായ പങ്കുവഹിക്കണമെന്നും കായിക- ന്യൂനപക്ഷ ക്ഷേമ-  ഹജ്ജ് - വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പി കെ ബഷീർ എം എൽ എ ചടങ്ങിൽ അധ്യക്ഷനായി.

മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി ഇത്തവണ വിപുലമായ ജനകീയ ക്യാമ്പയിനാണ് തുടക്കംകുറിക്കുന്നത്. ക്യാമ്പയിൻ വഴി കേരളത്തെ സമ്പൂർണ മാലിന്യ മുക്തമാക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നേറുകയാണ്. ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ, തൊഴിലുറപ്പ് മിഷൻ തുടങ്ങിയവ ഈ പ്രവർത്തനങ്ങൾക്ക് നേതൃപരമായ പങ്കുവഹിക്കുന്നു. ശുചിത്വ, മാലിന്യ സംസ്കരണ രംഗത്ത് വികേന്ദ്രീകൃത രീതിയിൽ കേരള മാതൃക സൃഷ്ടിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. 'മാലിന്യ നിർമ്മാർജ്ജനത്തിലെ കേരള രീതികൾ ഇന്ന് മറ്റു സംസ്ഥാനങ്ങൾ അനുകരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ പ്രധാനമാണ് മാലിന്യ നിർമ്മാർജ്ജനവും ശുചിത്വ പരിപാലനവും. ഹരിതകർമ സേന ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും സജീവമാണ്. 40 ലക്ഷത്തോളം വീടുകളിൽ നിന്ന് അജൈവ പാഴ് വസ്തുക്കൾ സേന ശേഖരിക്കുന്നുണ്ട്. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും അജൈവ മാലിന്യ ശേഖരണത്തിന് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികളും പ്രവർത്തിക്കുന്നുണ്ട്.
ജൈവ മാലിന്യം കമ്പോസ്റ്റിംഗ് നടത്തി ജൈവവളം ഉല്പാദിപ്പിക്കുന്നുണ്ട്. ക്ലീൻ കേരള കമ്പനി ശുചിത്വ പരിപാലന രംഗത്ത് സമഗ്രമായ പുരോഗതി കൈവരിക്കാനും അജൈവമാലിന്യങ്ങളുടെ ശാസ്ത്രീയ പുനഃചംക്രമണത്തിനും സംസ്ക്കരണ ത്തിനും ഉതകുന്ന പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തു വരുന്നു.

ഹരിത കർമ്മ സേനാംഗങ്ങളുടെ എണ്ണം 37000 മായി ഉയർന്നു. 2021 മുതൽ 2023 വരെ ഒരു ലക്ഷം ടൺ പാഴ് വസ്തുക്കളാണ് ഇവർ ശേഖരിച്ചത്. 6078 മാലിന്യക്കൂനകൾ നീക്കം ചെയ്തു. തൊണ്ണൂറായിരം ടൺ പ്ലാസ്റ്റിക് മാലിന്യവും ശേഖരിച്ചു.

രാജ്യത്തെ ജനസാന്ദ്രതയേറിയ സംസ്ഥാനങ്ങളിൽ വെളിയിട വിസർജ്ജ്യമുക്തമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം കേരളമാണ്. ഹരിതകേരളം മിഷൻ്റെ ഭാഗമായി നുറു കണക്കിനു പച്ചത്തുരുത്തുകൾ ഒരുക്കിയത് പരിസ്ഥിതി സംരക്ഷണത്തിൽ നിർണായമായി. ഇത്തരത്തിൽ മാലിന്യ നിർമ്മാർജ്ജനത്തിലും ശുചിത്വ പരിപാലനത്തിലും വലിയ മുന്നേറ്റമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് ടേക് എ ബ്രേക്കിന്റെ ഉദ്ഘാടനവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മിനി എം സി എഫുകളുടെ ഉദ്ഘാടനം പി കെ ബഷീർ എം എൽ എയും ഹരിത സ്ഥാപന പ്രഖ്യാപനം അസിസ്റ്റന്റ് കളക്ടർ വി എം ആര്യയും നിർവഹിച്ചു. കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി സഫിയ, അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നൗഷർ കല്ലട, നവ കേരള മിഷൻ ജില്ലാ കോഡിനേറ്റർ ജിതിൻ ടി വി എസ്, എൽ.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടർ പിബി ഷാജു , ശുചിത്വ മിഷൻ കോഓർഡിനേറ്റർ ആ തിര, കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.എ. റഹ്മാൻ, ജില്ലാ പഞ്ചായത്ത് അംഗം റൈഹാനത്ത് കുറുമാടൻ, കെ.എസ്.ഡബ്ലിയു.എം.പി ഓഫീസർ വിനോദ്, തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറി പി. അരവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.
3/related/default