കുറ്റിപ്പുറം: അനധികൃതമായി നടത്തി വരുന്ന ആയുർവേദ ചികിത്സാ കേന്ദ്രം അധികൃതർ അടച്ചുപൂട്ടി. തിരൂർ റോഡിലുള്ള ഷാഫി ആയുർവേദ സ്ഥാപനമാണ് സംസ്ഥാന മെഡിക്കൽ കൗൺസിൽ പ്രതിനിധി സംഘം നടത്തിയ പരിശോധനയിൽ അടച്ചു പൂട്ടാൻ നിർദേശം നൽകിയത്. യാതൊരു തരത്തിലുള്ള ചികിത്സാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഈ സ്ഥാപനം നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പരാതികളുടെ അടിസ്ഥാനത്തിൽ നേരത്തേ ഈ സ്ഥാ പനത്തിൽ പരിശോധന നടത്തിയ കുറ്റിപ്പുറം പഞ്ചായത്ത് അധികൃതർ അനധികൃത ചികിത്സാ കേന്ദ്രമെന്നു കണ്ടെത്തിയതിനെത്തുടർന്ന് അടച്ചുപൂട്ടിയിരുന്നു. എന്നാൽ സ്ഥാപന ഉടമ കോടതിയെ സമീപിക്കു കയും ഈ സ്ഥാപനത്തിൽ ചികിത്സ ഇല്ലെന്നും ഒരു സ്വകാര്യ മരുന്നു കമ്പനിയുടെ മരുന്നു വില്പന നടത്തു കയാണെന്നുമാണ് കോടതിയെ അറിയിച്ചിരുന്നത്.
ഇതിന്റെ പശ്ചാത്തലത്തിൽ സ്ഥാപനം തുറന്ന് ചികിത്സ തുടരുകയുമായിരുന്നൂവെന്നാണ് മെഡിക്കൽ കൗൺസിൽ പ്രതിനിധിസംഘം പറയുന്നത്. എസ്.എം.ഡി. ആക്ട് പ്രകാരം ചികിത്സിക്കാനുള്ള രജിസ്ട്രേഷൻ പോലും ഇല്ലാതെയാണ് ഇവിടെ ചികിത്സ നടത്തിയിരുന്നതെന്നും പരിശോധനാ സംഘം പറഞ്ഞു. സ്ഥാപനത്തിനും നടത്തിപ്പുകാർക്കുമെതിരേ തുടർ നടപടികൾ സ്വീകരിക്കുക ആരോഗ്യ വകുപ്പാണ്.മെഡിക്കൽ കൗൺസിൽ പ്രതിനിധി സംഘത്തിനൊപ്പം നടപടികൾ സ്വീകരിച്ച സംഘത്തിൽ ആയുർ വേദ ഡി.എം.ഒ. പ്രതിനിധി, പഞ്ചായത്ത് ഉദ്യോഗസ്ഥർ, ആരോഗ്യ വകു പ്പ് അധികൃതർ, കുറ്റിപ്പുറം പോലീസ് എന്നിവരും ഉണ്ടായിരുന്നു.