തിരൂർ : വർഷങ്ങളോളമായി തിരൂർ നഗരസഭ 14-ാം വാർഡിൽ പരന്നേക്കാട് പ്രവർത്തിക്കുന്ന നഗരസഭയുടെ അറവുശാല പ്രദേശവും പ്രദേശത്തെ കിണറുകളും മലിനമാക്കിക്കൊണ്ടിരിക്കുകയാണെന്ന പരിസരവാസികളുടെ പരാതിയിൽ അറവുശാല അടച്ചുപൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിറക്കി.
എട്ടുവർഷം മുൻപ് നവീകരണപ്രവർത്തനങ്ങൾക്കായി പ്രധാന ഷെഡ് അടച്ചിട്ടതുകാരണം താത്കാലികമായി നിർമിച്ച തുറസ്സായ ഷെഡ്ഡിലാണ് അറവ് നടന്നിരുന്നത്.
ഇതിൽനിന്ന് വരുന്ന രക്തവും മറ്റു ദ്രവമാലിന്യങ്ങളും തുറസ്സായ സ്ഥലത്ത് വൃത്തിഹീനമായി ഒഴുക്കിക്കളയുകയും കുഴിച്ചുമൂടുകയുമാണ് ചെയ്യുന്നത്. ഇതിനെതിരേ നിരവധി തവണ മുനിസിപ്പൽ അധികാരികൾക്കും ആരോഗ്യവകുപ്പിനും പരാതികൾ നൽകിയിട്ടും യാതൊരു നടപടികളുമുണ്ടായില്ല. തുടർന്ന് പരിസരവാസികൾ കളക്ടർക്കും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനും കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ അറവുശാലയിലും പരിസരത്തെ കിണറുകളിലും മറ്റും പരിശോധന നടത്തിയിരുന്നു.
പരിസരവാസികൾ അറവ് തടയാനും കോടതി നടപടികൾ സ്വീകരിക്കാനും പ്രക്ഷോഭം ശക്തിപ്പെടുത്താനുമുള്ള മുന്നൊരുക്കങ്ങൾക്ക് ഇടയിലാണ് അറവുശാല അടച്ചുപൂട്ടാനുള്ള ഉത്തരവ്. പരന്നേക്കാട് ആധുനികരീതിയുള്ള അറവുശാലയുടെ നിർമാണം 80 ശതമാനം പൂർത്തിയായതായും ഇത് ഉദ്ഘാടനം ചെയ്യുന്നതുവരെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് പ്രകാരം ഇവിടെ വെച്ച് അറവ് നടത്തില്ലെന്നും നഗരസഭാധ്യക്ഷ എ.പി. നസീമ പറഞ്ഞു.