തലശ്ശേരിയില്‍ ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം. ആംബുലന്‍സ് ഡ്രൈവറായ ഏഴാംകൊട്ടില്‍ സ്വദേശി മിഥുനാ(35)ണ് മരിച്ചത്. പരിയാരത്ത് നിന്നും മൃതദേഹവുമായി വരികയായിരുന്നു ആംബുലൻസ്. തീപിടുത്തമുണ്ടായ തലശ്ശേരി കുളം ബസാറിലേക്ക് തീയണക്കാനായി പോവുകയായിരുന്ന ഫയർഫോഴ്സിന്‍റെ ഫയര്‍എഞ്ചിനുമായാണ് ആംബുലൻസ് കൂട്ടിയിടിച്ചത്. ആംബുലന്‍സ് ഡ്രൈവറെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തില്‍ ആംബുലന്‍സ് പൂർണമായും തകര്‍ന്നു. ഫയര്‍എഞ്ചിന്‍റെ മുൻഭാഗത്തെ ചില്ല് ഉള്‍പ്പെടെ തകര്‍ന്നു. ആംബുലന്‍സിൽ ഉണ്ടായിരുന്ന മൃതദേഹം പിന്നീട് മറ്റൊരു ആംബുലന്‍സ് എത്തിച്ച് മാറ്റുകയായിരുന്നു.
ചിറക്കുനിയിലെ എം. ഹരിദാസന്റെ മൃതദേഹവുമായി വരികയായിരുന്നു ആംബുലൻസ്. ആംബുലൻസിൽ ഉണ്ടായിരുന്ന ഹരിദാസന്റെ മക്കളായ സുകേഷ്, സിന്ധു, മരുമകൻ പ്രവീൺ എന്നിവരെ പരിക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്തെ റെഡ് വിങ്സ് ആംബുലൻസിലെ ഡ്രൈവറാണ് മിഥുൻ. അശോകന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: രാഗി (കണ്ണോം, ചൂട്ടപ്പറമ്പ്). സഹോദരൻ: നിധിൻ.


