കിടപ്പുരോഗിയായ വയോധികയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസ്;അയല്‍വാസി അറസ്റ്റില്‍
മഞ്ചേരി : മഞ്ചേരിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി വയോധികയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണം കവർന്ന സംഭവത്തില്‍ പ്രതിയായ യുവതി പിടിയില്‍. പുല്ലൂര്‍ സ്വദേശി ജസീറയാണ് അറസ്റ്റിലായത്. കവർച്ച സമയത്ത് ജസീലയ്ക്കൊപ്പമുണ്ടായിരുന്ന മകള്‍ ഒളിവിലാണ്.
ഓഗസ്റ്റ് മാസം ആദ്യം നടന്ന സംഭവത്തിലാണ് പ്രതി ഇപ്പോള്‍ പിടിയിലായത്. അയല്‍വാസികളായ സൗമിനി-ബാബു ദമ്പതികളുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവതിയും മകളുമാണ് വയോധികയുടെ സ്വർണം കവർന്നത്.
ജസീറയും മകളും ചേര്‍ന്ന് കിടപ്പുരോഗിക്ക് സമാനമായ ആരോഗ്യാവസ്ഥയിലുള്ള വയോധികയെ ആക്രമിക്കുകയും ഇവരുടെ കാതില്‍ കിടന്ന സ്വർണ കമ്മല്‍ വലിച്ചൂരി കൊണ്ടുപോകുകയായിരുന്നു. കൈകള്‍ കൂട്ടിപ്പിടിച്ച് ചെവിയില്‍ നിന്നുംകമ്മലൂരാൻ ശ്രമിച്ചപ്പോള്‍ വയോധിക ബഹളം വെച്ചു. ഈ സമയം മുഖത്ത് അമര്‍ത്തിയാണ് സ്വര്‍ണം കവര്‍ന്നത്.
പിന്നീട് ഈ സ്വർണം മഞ്ചേരിയിലെ ഒരു സ്വര്‍ണക്കടയില്‍ സ്വർണം വില്‍ക്കുകയും ചെയ്തു. പോലീസിന്റെ അന്വേഷണത്തില്‍ അയല്‍വാസിയായ സ്ത്രീയും മകളുമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് കണ്ടെത്തുകയും ചെയ്തു.
ഇവർ വിറ്റ സ്വർണ്ണം മഞ്ചേരിയിലെ ജ്വല്ലറിയില്‍ നിന്നും പോലീസ് പിടിച്ചെടുത്തു. ഒളിവില്‍ പോയ മകള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. കോടതിയില്‍ ഹാജരാക്കിയ ജസീറയെ റിമാൻഡ് ചെയ്തു.