താനൂർ ബോട്ട് ദുരന്തം: ചികിത്സാ സഹായം അനുവദിക്കാതെ കേരള സർക്കാർ.ഇരകളായ കുട്ടികൾദുരിതത്തിൽ

Malabar One  Desk
താനൂർ ബോട്ട് ദുരന്തം: ചികിത്സാ സഹായം അനുവദിക്കാതെ സർക്കാർ: ഇരകളായ കുട്ടികൾ കൊടും ദുരിതത്തിൽ
 ബോട്ട് ദുരന്തത്തിൽ ഭാര്യയും മകനുമടക്കം കുടുംബത്തിലെ 11 പേരെയാണ് നെടുവ സദ്ദാം ബീച്ചിലെ കുന്നുമ്മൽ മുഹമ്മദ് ജാബിറിന് നഷ്ടമായത്.
 ദുരന്തത്തിലകപ്പെട്ട മക്കളായ ജന്നയും ജർഷയും ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ഇന്നും തുടർചികിത്സയ്ക്കായി ആശുപത്രികളിലേക്കുള്ള ഓട്ടത്തിലാണ്. 

മത്സ്യതൊഴിലാളിയായ ജാബിർ മക്കളുടെ ചികിത്സയ്ക്കായി ഇതുവരെ 20 ലക്ഷത്തോളം രൂപ ചെലവഴിച്ചു. തുടർചികിത്സാ ചെലവ് വഹിക്കുമെന്ന സർക്കാരിന്റെ ഉറപ്പ് വിശ്വസിച്ച് ചികിത്സാ ചെലവുകളുടെ രേഖകളടക്കം സമർപ്പിച്ചിട്ടും ഇതുവരെ തുക അനുവദിച്ചിട്ടില്ല. ദുരന്തത്തിന് പിന്നാലെ ആദ്യത്തെ രണ്ടാഴ്ചത്തെ ചികിത്സാ ചെലവ് വഹിച്ചത് ഒഴിച്ചാൽ അധികൃതർ ഈ കുട്ടികളെ മറന്ന മട്ടാണ്. സർക്കാർ സംവിധാനങ്ങളെ നോക്കുകുത്തിയാക്കിയുള്ള അനധികൃത ബോട്ട് സർവീസ് 2023 മേയ് ഏഴിന് ദുരന്തത്തിൽ കലാശിച്ചപ്പോൾ 22 ജീവനുകളാണ് പൊലിഞ്ഞത്.

ജാബിറിന്റെ രണ്ട് സഹോദരങ്ങളുടെ ഭാര്യമാരും ഏഴ് മക്കളും ഉൾപ്പെടെ 11 പേരാണ് കുടുംബത്തിൽ നിന്ന് മരണപ്പെട്ടത്. രക്ഷപ്പെട്ടവരിൽ ജാബിറിന്റെ സഹോദരിയും മകളും ഉൾപ്പെടും. ഈ കുടുംബത്തിനും ധനസഹായം ലഭിച്ചിട്ടില്ല. രണ്ട് വയസ്സുകാരി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞപ്പോൾ 16,000 രൂപ മാത്രമാണ് ലഭിച്ചത്. അതിനുശേഷം ഇതുവരെ യാതൊരു സഹായവും സർക്കാരിൽ നിന്ന് ലഭിച്ചില്ല. സംസാര, ചലന ശേഷികൾ നഷ്ടപ്പെട്ട ഈ കുട്ടിയുടെ അവസ്ഥ കരളലിയിപ്പിക്കുന്നതാണ്.

താനൂർ ബോട്ടപകടത്തിൽപ്പെട്ടവരുടെ ചികിത്സാ സഹായം അനുവദിക്കുമെന്ന് സർക്കാർ നിയമസഭയിൽ വാക്ക് നൽകിയിരുന്നെങ്കിലും ഇതുവരെ പാലിച്ചിട്ടില്ല. ചികിത്സാ സഹായം ഉറപ്പാക്കുന്നതിൽ ജുഡീഷ്യൽ കമ്മിഷന് തീരുമാനമെടുക്കാമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ അറിയിച്ചിരുന്നു. ഇതോടെ ഇരകൾ ജുഡീഷ്യൽ കമ്മിഷന് മുന്നിൽ പരാതിയുമായി എത്തിയപ്പോൾ നഷ്ടപരിഹാരം നൽകാൻ കമ്മിഷന് അധികാരമില്ലെന്ന നിലപാടാണ് ഹിയറിംഗിൽ ഹാജരായ സർക്കാ‌ർ അഭിഭാഷകൻ എടുത്തത്. ഇതോടെ സാങ്കേതികത്വം പറഞ്ഞ് കമ്മിഷനും കൈയൊഴിഞ്ഞു. 

കളക്ടർക്കാണ് അധികാരമെന്നാണ് കമ്മിഷന്റെ നിലപാട്. പരിക്കേറ്റവരുടെ ചികിത്സാ ചെലവിനായി മലപ്പുറം ജില്ലാ കളക്ടർക്ക് 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് സർക്കാർ‌ കേന്ദ്രങ്ങൾ അവകാശപ്പെടുമ്പോഴും ഈ തുക ലഭിച്ചിട്ടില്ലെന്നാണ് വിവരം.

കുട്ടികളുടെ രക്ഷിതാക്കൾ ജില്ലാ കളക്ടറെ കണ്ട് ചികിത്സാരേഖകൾ ഉൾപ്പെടെ സമർപ്പിച്ചിട്ട് മാസങ്ങളായി. കുട്ടികളുടെ ദുരിതസ്ഥിതി കണ്ട ജില്ലാകളക്ടർ നടപടികൾ വേഗത്തിലാക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധികൃതർക്ക് നിർദ്ദേശവും നൽകിയിരുന്നു. എന്നാൽ മാസങ്ങളായിട്ടും കുട്ടികൾക്ക് ചികിത്സാ സഹായം ലഭിച്ചിട്ടില്ല. ദുരന്തത്തിലേറ്റ പരിക്ക് കുട്ടികളെ ശാരീരികമായും മാനസികമായും തളർത്തിയിട്ടുണ്ട്. 

സാധാരണ ജീവിതത്തിലേക്ക് എത്താൻ ദീർഘകാലം ചികിത്സ നൽകേണ്ടി വരുമെന്നാണ് ഡോക്ടർമാർ രക്ഷിതാക്കളെ അറിയിച്ചിട്ടുള്ളത്. നിർധന മത്സ്യതൊഴിലാളി കുടുംബങ്ങൾ കടം വാങ്ങിയും ഉള്ളതെല്ലാം വിറ്റുപൊറുക്കിയുമാണ് ഈ മൂന്ന് കുട്ടികളുടെയും ചികിത്സ ഇതുവരെ മുന്നോട്ടുകൊണ്ടുപോയത്. പണമെല്ലാം തീർന്നതോടെ കുട്ടികളുടെ തെറാപ്പി അടക്കമുള്ള ചികിത്സകൾ മുടങ്ങിയിട്ടുണ്ട്. ദുരന്തത്തിൽ വേണ്ടപ്പെട്ടവരെല്ലാം നഷ്ടമായതോടെ പരസഹായം വേണ്ട കുട്ടികളെ നോക്കേണ്ടതിനാൽ മിക്കപ്പോഴും രക്ഷിതാക്കൾക്ക് ജോലിക്ക് പോവാൻ പോലും കഴിയുന്നില്ല.


3/related/default