തിരൂരങ്ങാടി: തലപ്പാറയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞുണ്ടായ വാഹനാപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു എന്നാണ് അറിയാൻ കഴിഞ്ഞത്. ആരുടെയും പരിക്കുകൾ ഗുരുതരമല്ല എന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഞായറാഴ്ച രാത്രി 10:50ഓടെയാണ് അപകടം ഉണ്ടായത്. റോഡിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ പാടത്തേക്ക് മറിയുകയായിരുന്നു. തലകീഴായാണ് ബസ് മറിഞ്ഞത്.
കോഴിക്കോട് ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ തിരൂരങ്ങാടിയിലെ വിവിധ ആശുപത്രികളിലും, അവിടെനിന്ന് തുടർചികിത്സയ്ക്കായി ചിലരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും ഒരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
നാട്ടുകാരെത്തിയാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തലകീഴായി കിടന്ന ബസിൽ നിന്ന് ഏറെ ശ്രമകരമായാണ് ആളുകളെ പുറത്തെത്തിച്ചത്. ബസിന്‍റെ പിന്നിലെ ചില്ല് നീക്കം ചെയ്താണ് പുറകിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. രാത്രിയായതിനാലും വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. നിലവില്‍ ബസിലുണ്ടായിരുന്ന മുഴുവൻ പേരെയും പുറത്തെത്തിച്ചതായി നാട്ടുകാര്‍ പറഞ്ഞു. ബസ് സ്ഥലത്ത് നിന്ന് ഉയര്‍ത്താനായിട്ടില്ല. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. ദേശീയപാത നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്.