പെരിന്തൽമണ്ണയിൽ വൻ കവർച്ച; ജ്വല്ലറി ഉടമസ്ഥരെ ആക്രമിച്ച് കൊണ്ടുപോയത് മൂന്നര കിലോ സ്വർണം

Malabar One  Desk

പെരിന്തൽമണ്ണയിൽ വൻ കവർച്ച; ജ്വല്ലറി ഉടമസ്ഥരെ ആക്രമിച്ച് കൊണ്ടുപോയത് മൂന്നര കിലോ സ്വർണം



പെരിന്തൽമണ്ണ:  ജ്വല്ലറി പൂട്ടി വീട്ടിലേക്ക് മടങ്ങുകയായിരുന്ന സഹോദരങ്ങളെ ആക്രമിച്ച് മൂന്നര കിലോ സ്വർണം കവർന്നു. ജ്വല്ലറി ഉടമസ്ഥരായ കിനാതിയിൽ യൂസഫിനെയും ഷാനവാസിനെയുമാണ് മോഷ്ടാക്കൾ ആക്രമിച്ചത്. ജ്വല്ലറി പൂട്ടിയ ശേഷം സ്വർണ്ണവുമായി സ്കൂട്ടറിൽ സഞ്ചരിക്കവേ പെരിന്തൽമണ്ണ - പട്ടാമ്പി റോഡിൽ അലങ്കാർ ഓഡിറ്റോറിയത്തിന് സമീപത്തു വച്ച് ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. 

കാറിലെത്തിയ നാലംഗ സംഘം സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി സ്വർണം കവരുകയായിരുന്നു. മുഖംമൂടി ധരിച്ചാണ് മോഷ്‌ടാക്കളെത്തിയത്. വീടെത്തുന്നതിന് മിനിട്ടുകൾക്ക് മുമ്പാണ് കവർച്ച നടന്നത്. പ്രതികൾ കാറിൽ നിന്നിറങ്ങി, യൂസഫിനും ഷാനവാസിനും നേരെ പെപ്പർ സ്‌പ്രേ അടിച്ചു. പ്രതിരോധിക്കാൻ ശ്രമിച്ച യൂസഫിനെ മർദിക്കുകയും ചെയ്തു. ശേഷം കൈയിലുണ്ടായിരുന്ന ബാഗ് പിടിച്ചുവാങ്ങി, സ്കൂട്ടറിന്റെ സീറ്റിനടിയിലുള്ള മറ്റൊരു ബാഗുമെടുത്ത് സംഘം സ്ഥലം വിടുകയായിരുന്നു.

ജ്വല്ലറി പൂട്ടി മടങ്ങുമ്പോൾ തന്നെ കാർ തങ്ങളെ പിന്തുടരുന്നുണ്ടായിരുന്നുവെന്ന് ജ്വല്ലറി ഉടമസ്ഥർ വ്യക്തമാക്കി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യൂസഫ് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.



3/related/default