മലപ്പുറം :ലഹരി മാഫിയകളെ കണ്ടെത്തി പിടികൂടുന്നതിന് ഊന്നൽ നൽകി മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ രൂപീകരിച്ച ഡാൻസാഫ് സകല നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടുവെന്ന് പുറത്ത് വന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സ്ക്വാഡ് പിരിച്ച് വിടണമെന്ന് മുസ് ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ഇതു വരെ ഡാൻസാഫ് ഇടപ്പെട്ട മുഴുവൻ കേസുകളും അന്വേഷിക്കണം. വേലി തന്നെ വിള തിന്നുന്ന സാഹചര്യം പോലീസ് സേനക്ക് തന്നെ നാണക്കേടും വിശ്വാസ്യത ഇല്ലാതാക്കുന്നതുമാണ്.നിയമം നടപ്പിലാക്കേണ്ടവർ ഡാൻസാഫിൻ്റെ പേരിൽ നിയമത്തെ കശാപ്പ് ചെയ്തിരിക്കുകയാണ്. താനൂർ ജിഫ്രി കൊലപാതകത്തിലെ തലവൻ സുജിത് ദാസിൻ്റെയും സ്ക്വാഡിൻ്റെയും പങ്ക് വെളിച്ചത്താണ്. എടവണ്ണയിലെ റിദാൻ ഫാസിൽ കൊലപതാകത്തിലും നിഗൂഢതകൾക്ക് പിന്നിൽ ഇവരുണ്ട്. മേലാറ്റൂരിൽ വെച്ച് വാഹന പരിശോധനക്കിടെ വ്യാജ എം.ഡി.എം എ കേസ് ചാർത്തി ചെറുപ്പക്കാരെ സമൂഹത്തിന് മുന്നിൽ കുറ്റക്കാരാക്കി ഹൃദയാഘാതം മൂലം മരണപ്പെട്ട ശഫീഖിൻ്റെ നരഹത്യയിലും വിദേശത്തുണ്ടായിരുന്ന ജോലി നഷടപ്പെട്ട സാഹചര്യമുണ്ടാക്കിയതടക്കം നിരവധി ചെറുപ്പക്കാരെയടക്കം വേട്ടയാടിയ ക്രൂരതയുടെ പേരാണ് ഡാൻസാഫ്, മാത്രമല്ല കരിപ്പൂരിൽ സ്വർണ്ണം കടത്തിയത് പിടിച്ചെടുത്ത് ഉരുക്കി മുക്കിയതും സ്വർണ്ണം പൊട്ടിച്ചതുമടക്കം കൊടും ക്രിമിനൽ സംഘമാണിത്.
പോലീസ് സേനയെ തന്നെ ഭീഷണിപ്പെടുത്തിയും വേട്ടയാടാനും ഉപയോഗപ്പെടുത്തിയതിൻ്റെ പേരാണ് ഡാൻസാഫ് .സിനിമയിലെ പോലീസ് വില്ലൻ കഥാപാത്രങളെ വെല്ലുന്നതാണ് മലപ്പുറത്തെ ഡാൻസാഫ് .നിരവധി പുറത്ത് വന്നതും അല്ലാത്തതുമായ സകല നിയമവിരുദ്ധത പ്രവർത്തനങ്ങളുമായി അഴിഞ്ഞാടിയ ഡാൻസാഫിനാൽ ഇനിയൊരാളും അന്യായമായി വേട്ടയാടപ്പെടാൻ കാരണമാകരുത്. ക്രിമിനൽ വത്ക്കരിച്ച ഡാൻസാഫ് സംഘത്തെ പിരിച്ച് വിടണം. അല്ലാത്തപക്ഷം ഇപ്പോഴുണ്ടായ വിവാദം കെട്ടടങ്ങുന്നതോടെ ഈ സംഘം തലപ്പൊക്കിയേക്കാനിടയുണ്ട്. ഇത്തരം പോലീസ് രാജ് ആവർത്തിക്കാതിരിക്കാൻ ആഭ്യന്തര വകുപ്പ് നിരീക്ഷണമുണ്ടാവണമെന്നും നിലവിൽ മലപ്പുറത്തുള്ള ഡാൻസാഫ് പിരിച്ച് വിടണമെന്നും സംഘം നടത്തിയ പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.അല്ലാത്ത പക്ഷം സമരങ്ങൾ കടുപ്പിക്കുമെന്നും മുസ് ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി