അർധരാത്രിയിൽ വീട്ടിൽ കയറി യുവതിയുടെ മുഖത്ത് സ്പ്രേ അടിച്ച് മോഷണം. പുറത്തൂർ മരവന്ത ചേലൂർ അബ്ദുല്ലക്കുട്ടിയുടെ വീട്ടിലാണ് വ്യാഴാഴ്ച അർധരാത്രിയിൽ മോഷണം നടന്നത്. വീടിന് സമീപത്തുള്ള തെങ്ങിൻ കയറി മുകളിലെ നിലയുടെ വാതിലിലൂടെയാണ് മോഷ്ടാക്കൾ അകത്തെത്തിയത്. അബ്ദുല്ലക്കുട്ടിയുടെ ഭാര്യ സാബിറയും കുട്ടികളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
ഉറങ്ങാൻ കിടന്ന സാബിറ വീട്ടിനകത്ത് ശബ്ദം കേട്ട് എഴുന്നേറ്റപ്പോൾ വീട്ടിനകത്ത് രണ്ടു പേർ നിൽക്കുന്നത് കണ്ടു. ശബ്ദം ഉണ്ടാക്കാൻ ശ്രമിച്ച സാബിറയുടെ മുഖത്ത് സ്പ്രേ അടിക്കുകയായിരുന്നു. മൂക്കിന് ഇടിച്ചു. കഴുത്തിലുണ്ടായിരുന്ന നാലര പവൻ സ്വർണമാലയും കാതിൽ അണിഞ്ഞിരുന്ന അരപ്പവൻ സ്വർണവും കവർന്നു. കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണ മാലയും കവർന്നിട്ടുണ്ട്.
ഹിന്ദിയിലാണ് മോഷ്ടാക്കൾ സംസാരിച്ചിരുന്നത്. അക്രമത്തിൽ സാരമായി പരിക്കേറ്റ സാബിറ തിരൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. തിരൂർ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.