കൂട്ടിലങ്ങാടിയിൽ ട്രെയിലർ ലോറി മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

Malabar One  Desk
മലപ്പുറം : കൂട്ടിലങ്ങാടി പാലത്തിനു സമീപം നിയന്ത്രണം വിട്ട് ട്രെയിലർ ലോറി മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. വെള്ളിയാഴ്ച പുലർച്ചെ ആറോടെയാണ് സംഭവം. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശികളായ ഡ്രൈവർ സുബ്രഹ്മണ്യൻ (56), സഹായി കലൈ(29) എന്നിവർക്കാണ് പരിക്കേറ്റത്. മലപ്പുറം യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് ലോറിക്കുള്ളിൽ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്.

കൂട്ടിലങ്ങാടി ഭാഗത്തുനിന്ന് മലപ്പുറം ഭാഗത്തേക്ക് പൈപ്പ് കയറ്റി വരികയായിരുന്ന ലോറി കൂട്ടിലങ്ങാടി പാലത്തിനുസമീപത്തെ വളവിൽ നിയന്ത്രണംവിട്ട് റോഡിന്റെ ഇടതുവശത്തേക്ക് മറിയുകയായിരുന്നു. ആന്ധ്രയിലെ തിരുപ്പതിയിൽനിന്ന് കണ്ണൂരിലേക്ക് പൈപ്പുകൾ കൊണ്ടുപോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. വീഴ്ചയുടെ ആഘാതത്തിൽ ലോറി ഇരുഭാഗങ്ങളായി പിളർന്നു. പിറകുവശം റോഡരികിലും മുൻവശം സമീപത്തെ വീടുകളിലേക്ക് പോകുന്ന വഴിയിലേക്കും വീണു. ലോറിയിലെ പൈപ്പുകൾ സമീപത്തെ വീടിന്റെ ചുറ്റുമതിലിനിടിച്ച് മതിലിന്റെ വശവും ഗെയ്റ്റിന്റെ തൂണുംതകർന്നു. 
കാവുങ്ങൽ വാളൻ വീട്ടിൽ അബ്ദുൽ ലത്തീഫിന്റെ വീടിന്റെ മതിലിനാണ് കേടുപാടുകൾ സംഭവിച്ചത്. പുലർച്ചെ റോഡിൽ ആളുകളില്ലാത്തതുകൊണ്ട് കൂടുതൽ ദുരന്തം ഒഴിവായി. ലോറി മറിഞ്ഞുകിടന്നതോടെ അടുത്തുള്ള കെട്ടിടത്തിലെ കടകൾക്കു തുറക്കാൻ ബുദ്ധിമുട്ടുണ്ടായി. അഗ്നിരക്ഷാസേനയുടെ ആംബുലൻസിൽ മലപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തിച്ച ലോറി ജീവനക്കാരെ പ്രാഥമിക ശുശ്രൂഷകൾ നൽകി വിട്ടയച്ചു.
3/related/default