വളാഞ്ചേരി: പത്ത് വർഷം മുമ്പ് മരിച്ച സ്ത്രീക്ക് സീറ്റ് ബെല്‍റ്റ് ഇടാത്തതിന്‍റെ പേരില്‍ പിഴ അടക്കാൻ നോട്ടീസ് അയച്ച് മോട്ടോർ വാഹന വകുപ്പ്. സ്ത്രീയുടെ ഭർത്താവും വളാഞ്ചേരി പാണ്ടികശാല അബൂദാബിപ്പടി സ്വദേശിയുമായ പള്ളിയാലില്‍ മൂസ ഹാജിയാണ് പരാതിക്കാരൻ.
കഴിഞ്ഞ മാസം 29ന് കോഴിക്കോട് നടക്കാവില്‍ KL10 AL1858 എന്ന വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ഇല്ലാതെ സഞ്ചരിച്ചു എന്ന പേരില്‍ കോട്ടക്കല്‍ പറമ്പിലങ്ങാടിയിലുള്ള ആർ.ടി.ഒ ഓഫിസില്‍ നിന്നാണ് തപാല്‍ വഴി പിഴ അടക്കാനുള്ള നോട്ടീസ് വന്നത്.
ക്യാമറയില്‍ പതിഞ്ഞതായി ലഭിച്ച ഫോട്ടോ അവ്യക്തമാണ്. തന്‍റേയോ, ഭാര്യയുടേയോ, മക്കളുടേയോ പേരില്‍ യാതൊരു വിധ വാഹനങ്ങളും ഇല്ല. ഇതുമായി ബന്ധപ്പെട്ട് വളാഞ്ചേരി പൊലീസിനും മലപ്പുറം ആർ.ടി.ഒക്കും പരാതി നല്‍കിയിട്ടുണ്ടെന്നും മൂസ ഹാജി.